പി.എസ്.സി കോഴ വിവാദം; നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
'ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തിൽ ഉണ്ടായിട്ടില്ല'
തിരുവനന്തപുരം: പി.എസ്.സി അംഗത്വത്തിന് സി.പി.എം നേതാവ് കോഴ വാങ്ങിയെന്ന വാർത്ത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പുകൾ പലതരത്തിൽ നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തിൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം ഏരിയാ കമ്മിറ്റിയംഗം 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിൽ 22 ലക്ഷം രൂപ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഏരിയാ കമ്മിറ്റിയംഗം വാങ്ങിയെന്നുമാണ് പാർട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടന്നത്. തന്റെ പേരിൽ നടന്ന കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകി.