പെരുന്നാൾ ദിനത്തിൽ പരീക്ഷവെച്ച് പി.എസ്.സി
പെരുന്നാൾ ദിനത്തിൽ പരീക്ഷവെച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ മരുന്നിട്ട് കൊടുക്കുന്ന ഏർപ്പാടാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി പറഞ്ഞു.
കോഴിക്കോട്: ബലിപെരുന്നാൾ ദിനത്തിൽ പരീക്ഷ നടത്താനുള്ള പി.എസ്.സി നീക്കത്തിനെതിരെ പ്രതിഷേധം. അസിസ്റ്റന്റ് സയിന്റിസ്റ്റ് പരീക്ഷയാണ് പെരുന്നാൾ ദിനമായ ജൂൺ 29-ന് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ പി.എസ്.സി വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പിന്നീട് ഇത് മാറ്റുകയായിരുന്നു.
പെരുന്നാൾ ദിനത്തിൽ പരീക്ഷവെച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ മരുന്നിട്ട് കൊടുക്കുന്ന ഏർപ്പാടാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി പറഞ്ഞു. പെരുന്നാൾ മാസം കാണുന്നതിന് അനുസരിച്ചല്ലേ തീരുമാനിക്കുക എന്ന ന്യായം പറഞ്ഞ് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പെരുന്നാൾ ആവാൻ സാധ്യതയുള്ള രണ്ട് ദിവസങ്ങൾ കലണ്ടറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ആ ദിവസങ്ങളിൽ പരീക്ഷവെക്കുന്നത് ആസൂത്രിതമാണ്. ഒന്നുകിൽ മുസ്‌ലിംകൾക്ക് വേണ്ടത് അവർ ചോദിച്ചും പ്രതിഷേധിച്ചും വാങ്ങട്ടെ എന്ന നിലപാട്, അല്ലെങ്കിൽ മുസ്‌ലിംകൾ പ്രതിഷേധിച്ചതിനെ തുടർന്ന് പരീക്ഷ മാറ്റിയാൽ സംഘികൾക്കും ക്രിസംഘികൾക്കും മുസ്‌ലിം പ്രീണനം ആരോപിക്കാനുള്ള അവസരമൊരുക്കലാണെന്നും സുഹൈബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.