പി.എസ്.സി പരീക്ഷ: ആപ്പുകളിലെ ചോദ്യങ്ങള്‍ അതേപടി കോപ്പിയടിച്ചെന്ന് പരാതി
100 ചോദ്യങ്ങളില്‍ പകുതിയോളം പഠന സഹായികളില്‍ നിന്ന് പകര്‍ത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് ഉദ്യോഗാര്‍ഥികള്‍
കോഴിക്കോട്: പി.എസ്.സി പരീക്ഷക്കുള്ള ചോദ്യപേപര്‍ തയ്യാറാക്കിയത് പി.എസ്.സി പഠന സഹായികളില്‍ നിന്നെന്ന് ആക്ഷേപം. പോളിടെക്നിക് ലെക്ചറര്‍ പരീക്ഷക്ക് നല്‍കിയ ചോദ്യ പേപ്പറിനെതിരെയാണ് ആരോപണം. പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കുന്ന പരിശീലന ആപ്പുകളില്‍ നിന്ന് നേരിട്ട് ചോദ്യം അതേപടി പകര്‍ത്തിയെന്നാണ് പരാതി.
ജൂലൈ 25ന് പി.എസ്.സി നടത്തിയ പോളിടെക്നിക് ലെക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷ ചോദ്യ പേപ്പറിനെതിരെയാണ് പരാതി. ചോദ്യ പേപ്പറിലെ ആദ്യ ചോദ്യം തന്നെ എഡ്യുറേവ് എന്ന ആപ്പില്‍ നിന്ന് അതേപടി പകര്‍ത്തിയതെന്ന് വ്യക്തം. ചോദ്യം മാത്രമല്ല ഓപ്ഷനായി നല്‍കിയ ഉത്തരങ്ങളും വിവിധ ആപ്പുകളില്‍ നല്‍കിയത് അതേപടി പകര്‍ത്തിയതാണെന്ന് പരീക്ഷക്ക് ശേഷം ചോദ്യപേപ്പര്‍ വിലയിരുത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തമായി.
100 ചോദ്യങ്ങളില്‍ പകുതിയോളം പഠന സഹായികളില്‍ നിന്ന് പകര്‍ത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. പരീക്ഷ വീണ്ടും നടത്തണമെന്നാണ് ആവശ്യം.