പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണാ നടപടികളിലേക്ക്; പ്രതികൾ ഹാജരാവണം
2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നത്.
കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണാ നടപടികളിലേക്ക്. 51 പ്രതികളും ഇന്ന് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാവണം. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി.
2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നത്. 656 പേർക്ക് പരിക്കേറ്റു. മനുഷ്യനിർമിതമായ ദുരന്തം എന്നായിരുന്നു കണ്ടെത്തൽ.
സ്വർണക്കപ്പും ക്യാഷ് അവാർഡും കിട്ടാൻ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയെന്നും പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണുള്ളത്. ഇവരിൽ 44 പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
കേസിൽ 1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലുമാണുള്ളത്. ജില്ലാ കലക്ടർ ആയിരുന്ന ഷൈനാമോളും ഡൽഹി എയിംസിലേത് അടക്കം 30 ഡോക്ടർമാരും സാക്ഷിപ്പട്ടികയിലുണ്ട്. ഹൈക്കോടതി ജഡ്ജിയെ തീരുമാനിച്ച ശേഷം പ്രത്യേക കോടതിയിൽ വിചാരണ ഉടൻ തുടങ്ങും.