ജലീലിന് ​പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പൊലീസിലെ കുറ്റകൃത്യങ്ങൾ പരാതിപ്പെടാൻ നമ്പർ പ്രഖ്യാപിച്ച് പി.വി അൻവർ

സർക്കാർ സംവിധാനത്തിലെ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനുള്ള സമാന്തര ഇടപാട് വേണ്ടെന്ന മുന്നറിയിപ്പ് കെ.ടി ജലീലിന് എം.വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയിരുന്നു

Update: 2024-09-07 03:04 GMT
Advertising

മലപ്പുറം: സർക്കാർ സംവിധാനത്തിലെ അഴിമതിക്കാരെ പുറത്തുകൊണ്ടുവരാനുള്ള സമാന്തര ഇടപാട് വേണ്ടെന്ന മുന്നറിയിപ്പ് കെ.ടി ജലീലിന് സിപിഎം സംസ്ഥാന സെക്രട്ടറി നൽകിയതിന് പിന്നാലെ പൊലീസിലെ കുറ്റകൃത്യങ്ങൾ പരാതിപ്പെടാൻ വാട്സ്ആപ്പ് നമ്പർ (8304855901) പരസ്യമായി പ്രഖ്യാപിച്ച് പി.വി അൻവർ എംഎൽഎ. എന്നാൽ അൻവറിന്റെ നടപടിയിൽ സിപിഎമ്മിന് കടുത്ത അതൃപ്‌തിയാണുള്ളത്. മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പരസ്യമാക്കിയതും പരാതി സ്വീകരിക്കാൻ വാട്സ് അപ് നമ്പർ പുറത്തു വിട്ടതിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. 

അഴിമതി പരാതിപ്പെടാനുള്ള ജലീലിന്റെ ഓൺലൈൻ സംവിധാനത്തെ സിപിഎം തള്ളിപ്പറഞ്ഞതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നമ്പറടക്കം പ്രദർശിപ്പിച്ച് പിവി അൻവർ രംഗത്ത് വന്നത്. ആഭ്യന്തര വകുപ്പിനെതിരെ മുൻ എൽഡിഎഫ് എംഎൽഎ കാരാട്ട് റസാഖ് അടക്കമുള്ളവർ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു.

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള സഹകരണം പൊതുജനങ്ങളോട് ആവശ്യപ്പെട്ട് പ്രത്യേക വാട്സ്ആപ്പ് നമ്പർ ഫേസ്ബുക്കിൽ കുറിച്ചായിരുന്നു കെ.ടി ജലീലിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്. ഈ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ തള്ളിക്കളഞ്ഞു.

ഇതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൊലീസിനെ കുറിച്ച് പരാതി നൽകാൻ വേണ്ടിയുള്ള വാട്സ്ആപ്പ് നമ്പർ ഉയർത്തി പിവി അൻവർ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയ പരാതി പിവി അൻവർ മാധ്യമപ്രവർത്തകർക്ക് നൽകുകയും പിന്നാലെ ഫേസ്ബുക്കിൽ ഇടുകയും ചെയ്തു. അജിത് കുമാറിനും സുജിത്ത് ദാസനും എതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പരാതിയാണ് മുഖ്യമന്ത്രിക്കും പാർട്ടിക്കും നൽകിയതെന്ന് പരാതിയിൽ നിന്ന് വ്യക്തം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ കടുത്ത വിമർശങ്ങൾ ഉയർത്തി മുൻ ഇടതുപക്ഷ എംഎൽഎ കാരാട്ട് റസാക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പൊലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുത്തലുകൾ ഉണ്ടാകണമെന്ന സന്ദേശം പാർട്ടിക്ക് മുന്നിലേക്ക് ഇടതുപക്ഷ സ്വാതന്ത്ര്യരായി ജയിച്ചവർ മുന്നോട്ടുവയ്ക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവർക്ക് പിന്നിൽ പാർട്ടി നേതൃത്വത്തിലുള്ള അവരുടെ പിന്തുണയുണ്ടോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ പി.വി.അൻവർ എംഎൽഎയുടെ മൊഴി ഇന്നെടുക്കും.തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മലപ്പുറത്തെത്തി മൊഴിയെടുക്കുന്നത്. സ്വർണക്കടത്ത് ഉൾപ്പെടെ എഡിജിപിക്കും എസ്പിക്കുമെതിരായ ആരോപണങ്ങളിൽ തെളിവ് കൈമാറുമെന്നാണ് വിവരം.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News