പി.വി.അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കും
തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത വരുന്നത് തടയാനാണ് രാജിവയ്ക്കാൻ അൻവർ ആലോചിക്കുന്നത്
മലപ്പുറം: പി.വി.അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കും . രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ട ശേഷം വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനം നടത്തുമെന്ന് അൻവർ അറിയിച്ചു. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത വരുന്നത് തടയാനാണ് രാജിവയ്ക്കാൻ അൻവർ ആലോചിക്കുന്നത്.
സ്വതന്ത്ര എംഎൽഎ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാക്കപ്പെടും. ഇത് മുന്നിൽ കണ്ടാണ് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആലോചിക്കുന്നത്. രാവിലെ 9 ന് അൻവർ സ്പീക്കറെ കാണും. രാജിക്കത്ത് കൈമാറാനാണ് കൂടിക്കാഴ്ച എന്നാണ് സൂചനകൾ . തുടർന്ന് മാധ്യമങ്ങളെ കാണുന്ന അൻവർ നിലപാട് വിശദീകരിക്കും.
മമതാ ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അൻവർ തിരുവനന്തപുരത്ത് എത്തിയത്. രാജിവച്ച ശേഷം നിലമ്പൂരിൽ വീണ്ടും മത്സരിക്കുമ്പോൾ അടി തെറ്റിയാൽ സംരക്ഷിക്കാമെന്ന ഉറപ്പ് മമത നൽകിയതായാണ് സൂചന. 4 മാസത്തിന് ശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ അടക്കം പരിഗണിച്ചേക്കും. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി അൻവറിന് നൽകിയിട്ടുണ്ട്. എൽഡിഎഫ് പാളയത്തിൽ നിന്ന് പിണങ്ങിയ ഇറങ്ങിയ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം അദ്ദേഹം പ്രതീക്ഷിച്ചത് പോലെ സാധ്യമായില്ല . തുടർന്നാണ് തൃണമൂലിൽ രാഷ്ട്രീയ അഭയം തേടാനുള്ള അൻവറിൻ്റെ തീരുമാനം.