പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്, സതീശനോട് മാപ്പ്; പി.വി അന്‍വര്‍
പാർട്ടി ഏൽപ്പിച്ച ഭാരം താൻ നിറവേറ്റി. എല്ലാം ശരിയാണെന്ന് പി. ശശി പറഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശി പറഞ്ഞിട്ടാണെന്ന് പി.വി അൻവർ. താൻ തന്നെ ഉന്നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി.സതീശന് ഉണ്ടായ അപമാനത്തിന് കേരള സമൂഹത്തോടും പ്രതിപക്ഷ നേതാവിനോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സതീശൻ 150 കോടി രൂപ കണ്ടെയ്നറിൽ കടത്തിയെന്ന് അൻവർ നിയമസഭയിൽ പറഞ്ഞിരുന്നു.
നിലമ്പൂരില്‍ മത്സരിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ നല്‍കും. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കും. പിണാറിയിസത്തിന് എതിരായ അവസാനത്തെ ആണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം. മലയോര മേഖലയിലെ പ്രശ്നം ജോയിക്കറിയണം.സിപിഎം നേതാക്കളുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരിഹസിച്ച അന്‍വര്‍ ആരാണ് ആര്യാടൻ ഷൗക്കത്തെന്നും സിനിമ പിടിച്ച് നടക്കുകയാണെന്നും പറഞ്ഞു. ഷൗക്കത്തിനെ താന്‍ പിന്തുണക്കില്ലെന്നും വ്യക്തമാക്കി.
''കേരളത്തിലെ ജനങ്ങൾക്ക് നന്ദി. നിലമ്പൂരിൽ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി. എംഎൽഎയാവാൻ സഹായിച്ച ഇടതുപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. 11-ാം തിയതി സ്പീക്കർക്ക് രാജിവയ്ക്കുമെന്ന് ഇ-മെയിൽ വഴി അറിയിച്ചിരുന്നു. രാജി സ്വീകരിക്കേണ്ടത് സ്പീക്കറാണ്.
മമത ബാനര്‍ജിയോട് വീഡിയേ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു. വന്യജീവി ആക്രമണവുമായി ബന്ധപെട്ട വിഷയങ്ങളാണ് ചർച്ച നടത്തിയത്. പാർലമെൻ്റിൽ വന്യജീവി പ്രശ്നങ്ങൾ ഉയർത്തണമെന്ന് പറഞ്ഞു.പാർലമെൻ്റിൽ ഈ വിഷയം ഉന്നയിക്കാമെന്ന് മമ്മത ബനാർജി അറിയിച്ചു. രാഹുൽ ഗാന്ധിയുമായും വിഷയം ചർച്ച ചെയ്യാമെന്ന് മമത ഉറപ്പ് നൽകി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ടിഎംസിയുമായി സഹകരക്കാമെന്ന് പറഞ്ഞു. പക്ഷെ മലയോര ജനതക്കായി ഉടൻ രാജി വയ്ക്കണമെന്ന് പറഞ്ഞു. വിഷയം ഡിഎംകെ നേതാക്കളുമായും ബിഷപ്പുമാരുമായും നിലമ്പൂരിലെ ചില ആളുകളുമായി സംസാരിച്ചു. സുജിത് ദാസിൻ്റെ ഇടപെടൽ ഒരു സമുദായത്തെ ക്രിമിനലുകളാക്കി ചിത്രീകരിച്ചു. സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കും പി.ശശിക്കുമെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഉറപ്പ് നൽകിയ നേതാക്കൾ പിന്നോട്ട് പോയി. അവർ പിന്നീട് പിൻമാറി. തന്നെ നിയോഗിച്ചവർ ഫോൺ എടുക്കാതെ ആയി. മുഖ്യമന്ത്രി ഒറ്റയടിക്ക് തന്നെ തള്ളി പറഞ്ഞു. താൻ ഒരു പാട് പാപഭാരങ്ങൾ ചുമന്ന് നടക്കുന്നു...''അന്‍വര്‍ പറഞ്ഞു.