100ൽ 96 ചോദ്യങ്ങളും ഒരു പുസ്തകത്തിൽനിന്ന്: പ്ലംബർ പരീക്ഷയിൽ പിഎസ്‌സിയുടെ 'കോപ്പിയടി', മീഡിയവൺ എക്‌സ്‌ക്ലൂസീവ്

പുസ്തകത്തിൽ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും പിഎസ്‌സി പകർത്തി

Update: 2023-03-08 03:34 GMT
Advertising

തിരുവനന്തപുരം: പ്ലംബർ തസ്തികയിലേക്ക് പിഎസ്‌സി തയ്യാറാക്കിയ ചോദ്യങ്ങളിൽ ഭൂരിഭാഗവും ഒരു പുസ്തകത്തിൽ നിന്ന്. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്ലംബർ പരീക്ഷയിലാണ്  പിഎസ്‌സിയുടെ 'കോപ്പിയടി'. 2019ൽ ഇറങ്ങിയ 'പ്ലംബർ തിയറി' എന്ന പുസ്തകത്തിൽ നിന്നാണ് ചോദ്യങ്ങൾ പകർത്തിയത്. 100 ചോദ്യങ്ങളിൽ 90ൽ അധികം ചോദ്യങ്ങളും 'പ്ലംബർ തിയറി'യിൽ നിന്ന് പകർത്തുകയായിരുന്നു. പുസ്തകത്തിൽ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും പിഎസ്‌സി പകർത്തി. 2019ൽ നീൽകാന്ത് പബ്ലിഷേഴ്‌സ് പുറത്തിറക്കിയതാണ് ഈ പുസ്തകം.

വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ അഥവാ പ്ലംബറുടെ പോസ്റ്റിസ്റ്റിലേക്കുള്ള പരീക്ഷയിലാണ് ഈ കോപ്പിയടി ചോദ്യങ്ങൾ നൽകിയത്. 2021 സെപ്തംബർ 30നാണ് പ്ലംബർ ഒഴിവുകളിലേക്ക് പിഎസ്‌സി വിജ്ഞാപനം ഇറക്കിയത്. 22,000 ത്തിലധികം പേർ അപേക്ഷിച്ചു. ഇവർക്കുള്ള പരീക്ഷ കഴിഞ്ഞ ശനിയാഴ്ചയാണ് നടത്തിയത്.  തെറ്റായ ചോദ്യങ്ങൾ ഉൾപ്പടെ 96 ചോദ്യമാണ് പി.എസ്.സി പകർത്തിയതെന്ന് ഉദ്യോഗാർഥിയായ അഖിൽരാജ് കുറ്റപ്പെടുത്തി.

പുസ്തകത്തിന്റെ 271ാം പേജിൽ നിന്ന് പിഎസ്‌സി അപ്പാടെ പകർത്തിയത് ആറു ചോദ്യങ്ങളാണ്. അഞ്ച് വീതം ചോദ്യങ്ങളാണ് 210, 324 പേജുകളിൽ നിന്ന് പകർത്തിയത്. 324ാം പേജിലെ ഒമ്പതാമത്തേയും പത്താമത്തേയും പന്ത്രണ്ടാമത്തേയും ചോദ്യം പിഎസ്‌സി യഥാക്രമം 61, 62, 63 ക്രമനമ്പറാക്കി മാറ്റി. ചോദ്യവും ഒപ്ഷൻസും പകർത്തിയ പിഎസ്‌സി, പുസ്തകം ഉത്തരം തെറ്റായി മാർക്ക് ചെയ്തത് ആൻസർ കീയിലും പകർത്തിവെച്ചു.

ആമസോൺ, ഫ്‌ലിപ്കാർട്ട് പോലുള്ള ഓൺലൈൻ സൈറ്റുകളിൽ 220 മുതൽ 300 രൂപ കൊടുത്താൽ മനീഷ് ശർമ്മ എഴുതിയ ഈ പുസ്തകം ലഭിക്കും. അതിൽ നിന്നുള്ള ചോദ്യങ്ങൾ ഒരു മാറ്റവുമില്ലാതെയാണ് പിഎസ്‌സി ചോദ്യപേപ്പറിലും വന്നത്. 2021ൽ നോട്ടിഫിക്കേഷൻ ഇറങ്ങിയ അന്നുമുതൽ കഷ്ടപ്പെട്ട് പഠിച്ചവരെയാണ് പബ്ലിക് സർവീസ് കമ്മീഷൻ വെല്ലുവിളിക്കുന്നത്.

Full View

Questions for PSC Plumber Exam are copied from a book

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News