സരിൻ പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള നേതാവ്; വ്യക്തിപരമായി അഭിപ്രായം പറയാനില്ല: രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി ഒരു വ്യക്തിയുടെ പിടിവാശിക്ക് വഴങ്ങിയെന്നായിരുന്നു സരിന്റെ ആരോപണം.
തിരുവനന്തപുരം: പി. സരിൻ ഉന്നയിച്ച വിമർശനങ്ങൾക്ക് വ്യക്തിപരമായി മറുപടി പറയാനില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ തന്റെ അടുത്ത സുഹൃത്താണ്. ഇന്നലെയും നല്ല സുഹൃത്താണ്, ഇന്നും, നാളെയും അങ്ങനെത്തന്നെ ആയിരിക്കും. അദ്ദേഹം നല്ല പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള നേതാവാണെന്നും രാഹുൽ പറഞ്ഞു.
പാലക്കാട്ടെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി ഒരു വ്യക്തിയുടെ പിടിവാശിക്ക് വഴങ്ങിയെന്നായിരുന്നു സരിന്റെ ആരോപണം. ഇത്തരത്തിൽ മുന്നോട്ടുപോയാൽ ഹരിയാന ആവർത്തിക്കും. രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെട്ടാൽ യഥാർഥത്തിൽ രാഹുൽ ഗാന്ധിയാണ് പരാജയപ്പെടുക. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്നും സരിൻ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ വ്യക്തിയുടെയല്ല പാർട്ടിയുടെ സ്ഥാനാർഥിയാണ് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. രാഹുലിനെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി നേതൃത്വത്തോട് നന്ദിയുണ്ട്. സിരകളിൽ കോൺഗ്രസ് രക്തമോടുന്ന എല്ലാവരും രാഹുലിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.