വീട്ടു നടയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് റെയില്‍വേ ജീവനക്കാരന് പൊലീസ് മര്‍ദനം
ബിവറേജസിലെത്തിയ പൊലീസുകാരില്‍ മൂന്ന് പേര്‍ വീടിന് മുന്നില്‍ നിന്ന് മൂത്രം ഒഴിക്കുകയായിരുന്നു
തിരുവനന്തപുരം: വീട്ടു നടയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് റെയില്‍വേ ജീവനക്കാരനെ പൊലീസുകാര്‍ മര്‍ദിച്ചെന്ന് പരാതി. കിളിമാനൂരിലാണ് അക്രമം നടന്നത്. ഇരട്ടച്ചിറ സ്വദേശി രജീഷിനാണ് മര്‍ദനമേറ്റത്. ശനിയാഴ്ച ഉച്ചക്കാണ് രജീഷിന് മര്‍ദനമേറ്റത്. വീടിനടുത്തുള്ള ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങാനെത്തിയ പൊലീസുകാരാണ് മര്‍ദിച്ചതെന്നാണ് പരാതി. നഗരൂരില്‍ നടക്കുന്ന പൊലീസ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പൊലീസുകാര്‍ എത്തിയത്. ബിവറേജസിലെത്തിയ പൊലീസുകാരില്‍ മൂന്ന് പേര്‍ വീടിന് മുന്നില്‍ നിന്ന് മൂത്രം ഒഴിച്ചു. ഇത് ചോദ്യം ചെയ്തതോടെ മൃഗീയമായി മര്‍ദിക്കുകയായിരുന്നെന്ന് രജീഷ് പറഞ്ഞു.
കിളിമാനൂര്‍ സ്റ്റേഷനില്‍ പരാതിപെട്ടെങ്കിലും പൊലീസുകാര്‍ കേസ് ഒത്തു തീര്‍പ്പാക്കാനാണ് ശ്രമിച്ചതെന്ന് രജീഷ് ആരോപിക്കുന്നു. തനിക്കുണ്ടായ ദുരനുഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതു വരെ നിയമപോരാട്ടവുമായി മുന്നോട്ടു പോകാനാണ് ഈ ചെറുപ്പക്കാരന്‍റെ തീരുമാനം.