വടക്കൻ കേരളത്തിലും മഴ ശക്തം; വയനാട് പേര്യ ചുരത്തിൽ മണ്ണിടിഞ്ഞു
നെടും പൊയിൽ- മാനന്തവാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു
കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്തമാകുന്നു. മാനന്തവാടിയിലേക്കുള്ള പേര്യ-നെടുമ്പൊയിൽ ചുരത്തിൽ മണ്ണിടിഞ്ഞു. വ്യാപക മണ്ണിടിച്ചലിനെ തുടർന്ന് നെടും പൊയിൽ മാനന്തവാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. കനത്ത മഴയിൽ വയനാട് മുത്തങ്ങ പുഴ കരകവിഞ്ഞു. ദേശീയ പാത 766 തകരപ്പാടിയിൽ വെളളം കയറി ഗതാഗതം തടസപ്പെട്ടു.
പേരാവൂർ മേലെ വെള്ളറ എസ്.ടി കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടര വയസ്സുള്ള കുഞ്ഞടക്കം മൂന്നു പേർ മരിച്ചു. മേലെ വെള്ളറയിൽ ചന്ദ്രന്റെ വീടാണ് ആദ്യം ഒലിച്ചു പോയത്. പിന്നാലെ രാജേഷിന്റെ വീടും ഒലിച്ചു പോയി. ഉരുൾപ്പൊട്ടലിൽ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടര വയസുകാരി നുമാ തസ്മിൻ മരണപ്പെട്ടത്. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നാദിറയുടെ മകളാണ്.
നെടുംപൊയിൽ, ചിക്കേരി കോളനി, നെടുംപുറം ചാൽ എന്നിവിടങ്ങളിലും ഉരുൾ പൊട്ടി കൃഷിനാശമുണ്ടായി. അടച്ചൂറ്റി പാറയിൽ കൃപ അഗതി മന്ദിരത്തിൽ വെള്ളം കയറി ഇരുപത് വളർത്ത് മൃഗങ്ങളും നിരവധി വാഹനങ്ങളും ഒലിച്ചുപോയി.
കോഴിക്കോട് പെരുവണ്ണാമൂഴി ഡാമീന്റെ മൂന്നു ഷട്ടറുകളും ഉയർത്തി. വിലങ്ങാട് ഉരുൾപൊട്ടലും മണ്ണിടച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 150 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനവും നിർത്തിവെച്ചു.
പാലക്കാട് നെല്ലിയാമ്പതിയിൽ വനത്തിനകത്ത് ഉരുൾ പൊട്ടി. മണ്ണിടിച്ചലുമുണ്ടായി. ഇവിടെ വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹരചര്യത്തിൽ ദുരിതാശ്വസാ ക്യാമ്പും തുറന്നു. മംഗലംഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. അട്ടപ്പാടി മേഖലയിലേക്ക് വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെ ഭാരവാഹനങ്ങളുടെ സഞ്ചാരവും നിരോധിച്ചു.