സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇടുക്കി ഡാമിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു
ഡാമുകളിലെ സ്ഥിതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും. ഞായറാഴ്ച പരക്കെ മഴയുണ്ടാകുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇടുക്കി ഡാമിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ഡാമുകളിലെ സ്ഥിതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി .428 ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
തെക്കൻ തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി തുടരുകയാണ്. തിങ്കളാഴ്ച വരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച ഇടിയോടും കാറ്റോടും കൂടിയ മഴ സംസ്ഥാനത്താകെ അനുഭവപ്പെടും. ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണിത്. ബാക്കി ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നു. മലയോര മേഖലയിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കെ എസ് ഇബി ചെയർമാനും ഡയറക്ടർമാരുമായി മുഖ്യമന്ത്രി ഡാമുകളിലെ സാഹചര്യം വിലയിരുത്തി. നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി അണകെട്ടിലെ ജല നിരപ്പ് താഴ്ന്ന് തുടങ്ങി. ഇതോടെ ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു. കെഎസ്ഇബിയുടെ എട്ട് ഡാമുകളിൽ ഇപ്പോഴും റെഡ് അലേർട്ടാണ്.