വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Update: 2024-07-20 00:51 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.  ഇതിന്റെ സ്വാധീനഫലമായാണ് നിലവിലെ മഴ. 

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതേസമയം, കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്റർ, അംഗൻവാടി ഉൾപെടെയുളളവക്ക് അവധി ബാധകമാണ്. മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

വയനാട്ടിൽ ഏതാനും ദിവസങ്ങളായി പെയ്ത അതിതീവ്ര മഴക്ക് കുറവുണ്ടെങ്കിലും ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. വെള്ളം കയറിയതിനെ തുടർന്ന് ജില്ലയിലെ 45 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതുവരെ 2,616 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളെല്ലാം നേരിടാൻ ജില്ല സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News