'സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷത്തിൽ വ്യാജരേഖയുണ്ടാക്കി': യുവതിയുടെ മൊഴി
രാഖിക്ക് കോടതി ജാമ്യം അനുവദിച്ചു
കൊല്ലം: കൊല്ലത്ത് സർക്കാർ ജോലിക്കായി വ്യാജരേഖകൾ തയ്യാറാക്കിയ കേസിൽ അറസ്റ്റിലായ ആർ രാഖിക്ക് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ രാഖിക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷത്തിൽ സ്വയം വ്യാജരേഖ തയ്യാറാക്കിയതാണെന്നാണ് യുവതിയുടെ മൊഴി.
കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് രാഖി വ്യാജ പി.എസ്.സി നിയമന ഉത്തരവുമായി എത്തിയത്. റവന്യൂ വകുപ്പിൽ എൽ.ഡി ക്ലർക്കായി നിയമനം ലഭിച്ചെന്നായിരുന്നു രേഖ. ജോലി ലഭിക്കുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടർ ആണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പായിരുന്നു. സംശയം തോന്നിയ കരുനാഗപ്പള്ളി തഹസിൽദാർ ജില്ലാ പി.എസ്.സി ഓഫീസറെ സമീപിക്കാൻ നിർദേശിച്ചു. പി.എസ്.സി ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്.
എൽഡി ക്ലർക്ക് പരീക്ഷയിൽ 22ആം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ ഒപ്പമുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കളെയും തടഞ്ഞുവച്ചു. ആദ്യ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കാതിരുന്ന രാഖിയെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്തു. എല്ലാ വ്യാജ രേഖകളും മൊബൈൽ ഫോണിന്റെ സഹായത്തോടെ വ്യാജമായി നിർമിച്ചതാണ് സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
9 മാസങ്ങൾക്കു മുമ്പ് അഡ്വൈസ് മെമ്മോ സ്വയം നിർമിച്ച് സ്വന്തം വിലാസത്തിലേക്ക് അയക്കുകയായിരുന്നു. ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടിയുള്ള വ്യാജ നിയമന ഉത്തരവും ഇത്തരത്തിൽ സ്വന്തം വിലാസത്തിലേക്ക് അയച്ചു. വ്യാജരേഖ ചമയ്ക്കുന്നതിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.