ഗവർണറുടെ നടപടി നിയമവിരുദ്ധമെന്ന് ചെന്നിത്തല
സർക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട ഗവർണറുടെ നടപടി നിയമവിരുദ്ധമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ പിൻവലിക്കാൻ ഗവർണർക്ക് അവകാശമില്ല.
എന്നാൽ ഗവർണറും സർക്കാരും തമ്മിൽ പല വിഷയങ്ങളിലും ഒത്തുകളിക്കുകയാണെന്നും സർക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി.
ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്ക് തന്റെ പ്രീതി അനുസരിച്ച് ഒരിക്കലും മന്ത്രിമാരെ പിന്‍വലിക്കാന്‍ അധികാരമില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശയോടുകൂടി മാത്രമേ ഗവര്‍ണര്‍ക്ക് അതിന് സാധിക്കൂ. ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് നേരത്തെയും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇത് പ്രത്യക്ഷത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലായി നമുക്ക് തോന്നും. പക്ഷേ അങ്ങനെയല്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നതെന്ന് സതീശൻ ആരോപിച്ചു. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. കെ.എൻ ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അതൃപ്തിയെന്ന് കാണിച്ചായിരുന്നു ഗവർണറുടെ കത്ത്.
എന്നാൽ ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 18ന് ഗവർണറെ രൂക്ഷമായ ഭാഷയിൽ കെ.എൻ ബാലഗോപാൽ വിമർശിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഉത്തർപ്രദേശുകാർക്ക് കേരളത്തിലെ സർവകലാശാലകളെ മനസിലാക്കുക പ്രയാസകരമാണെന്ന് മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവെപ്പ് പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് സമയത്തെ സംഭവമാണ് ബാലഗോപാൽ പരാമർശിച്ചത്. ഗവർണർക്കെതിരായ ഈ പ്രസംഗമാണ് നടപടിക്ക് ആധാരം.