കോൺഗ്രസിന്റെ പരാജയത്തിന് കാരണം കോൺഗ്രസുകാർ തന്നെ; ടി.പത്മനാഭൻ
എറണാകുളം ഡി.സി.സി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു എഴുത്തുകാരന്റെ വിമർശനം
കോൺഗ്രസിന്റെ പരാജയത്തിന് കാരണം കോൺഗ്രസുകാർ തന്നെയണെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങുന്നു. അധികാരത്തോടുള്ള ചിലരുടെ താത്പര്യമാണ് പാർട്ടിയെ തകർക്കുന്നതെന്നും ടി.പത്മനാഭൻ കൊച്ചിയിൽ പറഞ്ഞു. എറണാകുളം ഡി.സി.സി സംഘടിപ്പിച്ച സബർമതി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു വിമർശനം.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എം ഹസൻ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയ കോൺഗ്രസിലെ പ്രമുഖ നേതാക്കളെയെല്ലാം വേദിയിലിരുത്തിയാണ് അദ്ദേഹം സംസാരിച്ചത്.
'ഒരു കൂട്ടർ തീരുമാനിച്ചാൽ കോൺഗ്രസിനെ തോൽപ്പിക്കാനും പാടെ തൂത്തുവാരി മാറ്റാനും കഴിയും. അവർ അതിന് വേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല, കോൺഗ്രസുകാർ തന്നെയാണ്.
അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങുന്നത്‌വലിയ ദാരുണമാണ്. ഞാൻ സ്മൃതി ഇറാനിയുടെ ആരാധകനല്ല. ഇനിയൊട്ട് ആവുകയുമില്ല. ഒരുകാര്യത്തിൽ അവരെ അഭിനന്ദിക്കുന്നു. തോറ്റതിന് ശേഷം നിത്യവും അവർ ആ മണ്ഡലത്തിൽപോയി. എന്നെ തോൽപിച്ചവരല്ലെ ഞാനിനി ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞില്ല. അതിന്‍റെ ഫലം അഞ്ചുവര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് കിട്ടി. എന്നിട്ടാണ് ബഹുമാന്യനായ രാഹുൽജി വയനാട്ടിലേക്ക് വരാൻ കാരണമായത്. 1940 മുതൽ താൻ കോൺഗ്രസുകാരനാണ്. ഇത്രയും വർഷത്തെ പരിചയമുള്ളത് കൊണ്ടാണ് ഇത്തരമൊരു വിമർശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി കുടുംബത്തിനെതിരെയും വലിയ വിമർശനം അദ്ദേഹം ഉന്നയിച്ചു. റോബേർട്ട് വാദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്തകൾ വന്നിരുന്നു. ഇനി വാദ്ര കൂടി കോൺഗ്രസിലേക്ക് വരേണ്ട കുറവ് മാത്രമേയുള്ളൂ എന്നും പരിഹാസ രൂപേണ പറഞ്ഞു. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ വലിയ തോൽവിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ടി.പത്മനാഭന്റെ വിമർശനം.