തിക്കിലും തിരക്കിലും തീര്‍ഥാടകര്‍ക്ക് പരിക്ക്; ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് കുറയ്ക്കണമെന്ന് പൊലീസ്
തീർഥാടകർക്ക് അപകടം പറ്റിയതിൽ സ്‌പെഷൽ കമ്മീഷണറോട് ഹൈക്കോടതി റിപ്പോർട്ട് തേടി
പത്തനംതിട്ട: ശബരിമലയിലെ തിക്കും തിരക്കും കൂടുന്നതിനാൽ വെർച്വൽ ക്യൂ ബുക്കിങ് കുറയ്ക്കണമെന്ന് പൊലീസ്. പ്രതിദിന പ്രവേശനം 85000 പേർക്കായി ചുരുക്കണമെന്നാണ് പൊലീസ് നിര്‍ദേശം. നിലവിൽ പ്രതിദിനം ബുക്കിംഗിന് അവസരം പ്രതിദിനം 1.2 ലക്ഷം പേർക്കാണ്. തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ ഇന്നലെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർനടപടി നിശ്ചയിക്കാൻ നാളെ പൊലീസ്-ദേവസ്വംബോർഡ് ഉന്നതതലയോഗം ചേരും.
അതേസമയം, ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർഥാടകർക്ക് അപകടം പറ്റിയതിൽ സ്‌പെഷൽ കമ്മീഷണറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. നിലക്കലിലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ഗതാഗതം കർശനമായി നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി കേസ് പരിഗണിക്കുന്നത്. പത്തനംതിട്ട ജില്ലാ കലക്ടർ ഓൺലൈനായി കോടതിയിൽ ഹാജരായി.
ളാഹ മുതൽ നിലയ്ക്കൽ വരെ പൊലീസ് പട്രോളിങ് ഉണ്ടാകണമെന്ന കോടതി പറഞ്ഞു. ദർശന സമയം ഒരു മണിക്കൂർ കൂട്ടാനാകുമോ എന്ന് കോടതി ചോദിച്ചു. എന്നാൽ ഇക്കാര്യം തന്ത്രിയുമായി ആലോചിച്ച് അറിയിക്കാമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി. മരക്കൂട്ടം മുതൽ ക്യൂ നിൽക്കുന്ന ഭക്തർക്ക് ചുക്ക് വെള്ളവും ബിസ്‌കറ്റും നൽകുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എന്നാൽ ആരും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കോടതി പറഞ്ഞു.