മുസ്‌ലിം സംവരണത്തിലെ കുറവ്; സമരം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രിംകോടതി വിധി നിരാശാജനകമാണെന്നും പി.എം.എ സലാം പറഞ്ഞു.
കോഴിക്കോട്: ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ മുസ്‌ലിം സംവരണത്തിലുണ്ടാവുന്ന കുറവ് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ്. സംവരണക്കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ സമരം നടത്തുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രിംകോടതി വിധി നിരാശാജനകമാണെന്നും സലാം പറഞ്ഞു. വിധി കശ്മീരിലെ ജനങ്ങളുടെ ഹിതത്തിന് എതിരാണ്. റിവ്യൂ പെറ്റീഷൻ നൽകാനുള്ള നീക്കങ്ങളെ ലീഗ് പിന്തുണയ്ക്കും. ശബരിമലയിൽ സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം. സർക്കാരിന്റെ വീഴ്ച മൂലം പിഞ്ചുകുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു. വകുപ്പുകളുടെ ഏകോപനമില്ലായ്മ അടക്കമുള്ള കാര്യങ്ങളാണ് ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും പി.എം.എ സലാം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്. നിലപാട് കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കും. സംസ്ഥാനത്ത് കരിങ്കൊടി കാണിക്കുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയാണ്. ഇങ്ങനെയെങ്കിൽ മോദിയും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസമെന്നും പി.എം.എ സലാം ചോദിച്ചു.