കേരളത്തിലെ ആദ്യത്തെ ട്രാൻസ്പ്ലാന്റ് ഗെയിംസ്; കൊച്ചിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു

അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമായാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്.

Update: 2023-10-22 05:16 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9ന് കൊച്ചിയില്‍ നടക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസ് 2023-ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  സിനിമാ താരം കുഞ്ചാക്കോ ബോബന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായ ബാബു കുരുവിളയ്ക്ക് ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കുമായാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിക്കുന്നത്.

കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററാണ് ഗെയിംസിന്റെ പ്രധാന വേദി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ), കൊച്ചി നഗര സഭ, കെഎംആര്‍എല്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ജിസിഡിഎ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള (ലിഫോക്) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.

അവയവമാറ്റത്തിന് വിധേയമായവരും, ജീവിച്ചിരിക്കുന്ന അവയവദാതാക്കളും, മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളുമാണ് ഗെയിംസില്‍ പങ്കെടുക്കുക. അവയവദാതാക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനൊപ്പം അവയവ സ്വീകര്‍ത്താക്കളുടെ മനോവീര്യവും ആത്മവിശ്വാസവും ഉയര്‍ത്തുക എന്നതാണ് ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ പ്രധാന ലക്ഷ്യം.

അവയവമാറ്റത്തിന് വിധേയമായവര്‍ക്ക് നിശ്ചിത കാലയളവിന് ശേഷം മറ്റ് മനുഷ്യരെ പോലെ സാധാരണ ജീവിതം നയിക്കാമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ഈ ഗെയിംസിലൂടെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നു.

7 വയസ് മുതല്‍ 70 വയസ് വരെ പ്രായമുള്ള വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, കൈ, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയ അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും ദാതാക്കള്‍ക്കും ഗെയിംസില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് പരമാവധി മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. അവയവ സ്വീകര്‍ത്താക്കള്‍ ശസ്ത്രക്രിയ കഴിഞ്ഞ് കുറഞ്ഞത് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കണം. ഗെയിംസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.heartcarefoundation.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗെയിംസില്‍ സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവിരങ്ങള്‍ക്ക് ബന്ധപ്പെടുക- വിനു ബാബുരാജ്-+918075492364.

അവയവ മാറ്റത്തിനും അവയവദാനത്തിനും ശേഷം ഒരു സാധാരണ ജീവിതം സാധ്യമാണെന്ന അവബോധം സൃഷ്ടിക്കുകയാണ് ഈ കായിക മേളയുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി നടക്കുന്ന ഇത്തരം കായികമേളയുടെ വിവരം പരമാവധി പേരിലേക്ക് എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

അവയവം സ്വീകരിച്ചവർ രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.

https://surveyheart.com/form/651071c14e94562d112225e6

അവയവം ദാനം ചെയ്തവർ രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിക്കുക.

https://surveyheart.com/form/6511b918f0545a504ef0fbc3

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News