നീലിമല പരമ്പരാഗത പാതയുടെ നവീകരണം പൂർത്തിയായില്ല; ദുരിതത്തിലായി ശബരിമല തീർഥാടകർ

മാർച്ചിൽ തുടങ്ങിയ നിർമാണം മണ്ഡല തീർഥാടനം തുടങ്ങിയിട്ടും പൂർണമായില്ല

Update: 2022-11-21 02:21 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: നീലിമല വഴിയുള്ള പരമ്പരാഗത പാതയുടെ നവീകരണം പൂർത്തിയാകാത്തത് ശബരിമല തീർഥാടകരെ ദുരിതത്തിലാക്കുന്നു. മണ്ഡലകാലം ആരംഭിച്ചിട്ടും പാതയുടെ നിർമാണം പൂർത്തിയാക്കാനായില്ല . വഴിയിൽ പലയിടത്തുമായി നിർമ്മാണ സാമഗ്രികൾ അലക്ഷ്യമായിട്ടിരിക്കുന്നതും അപകടക്കെണിയൊരുക്കുന്നുണ്ട് . പൂർണമായും കോൺക്രീറ്റ് ചെയ്ത സ്വാമി അയ്യപ്പൻ റോഡുണ്ടായിരിക്കെയാണ് എതിർപ്പുകൾ അവഗണിച്ച് നീലിമല വഴിയുള്ള പരമ്പരാഗത പാതയിൽ കരിങ്കല്ല് പാകൽ പദ്ധതി തുടങ്ങിയത്. കേന്ദ്ര സർക്കാറിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം 12 കോടി രൂപ അനുവദിച്ചു. 7 മീറ്റർ വീതിയിൽ 2770 മീറ്റർ നീളത്തിലാണ് പാത. കല്ല് കർണാടകയിൽ നിന്ന് എത്തിച്ചു.

പുതിയ കൈവരികളും അടിയന്തര ഘട്ടത്തിൽ ആംബുലൻസ് പോകുന്നതിനും സംവിധാനം ഒരുക്കി. മാർച്ചിൽ തുടങ്ങിയ നിർമാണം മണ്ഡല തീർഥാടനം തുടങ്ങിയിട്ടും പൂർണമായില്ല. നിർമ്മാണത്തിനായി കൊണ്ടുവന്ന മെറ്റലും മണലും സിമന്റുമെല്ലാം തീർഥാടകർക്ക് കല്ലും മുള്ളുമായി.

കരിങ്കൽ പാളികൾക്കിടയിലെ വിടവിൽ കുട്ടികളുടെ കാൽ കുടുങ്ങുന്നതും മുതിർന്നവർക്ക് പാറയുടെ കൂർത്ത ഭാഗങ്ങൾ തട്ടി മുറിവുണ്ടാകുന്നതും പതിവായിട്ടുണ്ട്.നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കുത്തനെയുള്ള കയറ്റിറക്കം പരിഹരിക്കുമെന്നായിരുന്നു അവകാശ വാദം. പക്ഷേ സംഭവിച്ചത്  അങ്ങനെയല്ലായിരുന്നു. കുത്തനെയുള്ള ഇറക്കങ്ങളിൽ അപകടം പതിവായതോടെ തിരക്കേറുന്ന സമയങ്ങളിൽ മലയിറക്കം സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാക്കാനാണ് അധികൃതരുടെ തീരുമാനം.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News