ചിന്നക്കനാലിലെ 82 സെന്റ് അനധികൃത കൈയേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ്
2007 ലാണ് പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നും ഏലം കുത്തക പാട്ട ഭൂമിയിൽ ചട്ടം ലംഘിച്ച് ടൂറിസം ആവശ്യങ്ങൾക്ക് കെട്ടിടം നിർമിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് കണ്ടെത്തിയത്.
ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ അനധികൃത കയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. തച്ചങ്കരി എസ്റ്റേറ്റ്സ് ആൻഡ് റിസോർട്ട് കൈവശം വച്ചിരുന്ന 82 സെന്റ് ഭൂമിയാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്. കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ഉടമകൾക്ക് കഴിയാത്തതോടെയാണ് റവന്യൂ വകുപ്പിന്റെ നടപടി.
2007 ലാണ് പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നും ഏലം കുത്തക പാട്ട ഭൂമിയിൽ ചട്ടം ലംഘിച്ച് ടൂറിസം ആവശ്യങ്ങൾക്ക് കെട്ടിടം നിർമിച്ചിട്ടുണ്ടെന്നും റവന്യു വകുപ്പ് കണ്ടെത്തിയത്. ഭൂമി ഏറ്റെടുക്കാൻ കലക്ടർ ഉത്തരവിട്ടെങ്കിലും കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2013 ജനുവരിയിൽ കോടതി നിർദേശാനുസരണം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ജില്ലാഭരണകൂടം ആരംഭിച്ചു.
സ്ഥലപരിശോധനയിൽ കൈവശ ഭൂമിയുടെ സർവെ നമ്പർ, വിസ്തീർണം എന്നിവയിൽ ക്രമക്കേട് കണ്ടെത്തി. തുടർന്നാണ് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ഭൂമിയേറ്റെടുക്കാൻ റവന്യു വകുപ്പ് നടപടി സ്വീകരിച്ചത്. റിസോർട്ടിന് പിന്നിലുള്ള 80 സെന്റ് സ്ഥലമാണ് കൈവശം വച്ചിരുന്നത്. ഇവിടെ കൃഷി ചെയ്തിരുന്ന ഏലവും റവന്യു സംഘം നശിപ്പിച്ചു. റവന്യൂ സംഘം ഏറ്റെടുത്ത ഭൂമിയിൽ സർക്കാർ ബോർഡും സ്ഥാപിച്ചു.