ചൂട് കനത്തതോടെ മത്സ്യലഭ്യത കുറഞ്ഞു
തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മീനുകൾ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് കാരണം
തിരുവനന്തപുരം: ചൂട് കനക്കുന്നത് മത്സ്യബന്ധന മേഖലയെയും ബാധിക്കുന്നു. സമുദ്രോപരിതലത്തിൽ വെള്ളത്തിന്‍റെ ഊഷ്മാവ് വർധിച്ചതോടെ മത്സ്യ ലഭ്യത കുറഞ്ഞു. തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മീനുകൾ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് കാരണം.
ചൂട് വർധിച്ചതോടെ ചെറുമത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. ഇതോടെ ചെറുതോണികളിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്നവർക്ക് മീൻ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. വലിയ ബോട്ടുകൾ കടലിൽ പോകുമ്പോൾ മത്സ്യം ലഭിക്കാതെ വരുന്നതോടെ വലിയ നഷ്ടമാണ് തൊഴിലാളികൾ നേരിടുന്നത്.
ഇന്ത്യൻ ഓഷൻ ഡൈപോളാർ എന്ന പ്രതിഭാസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ടിടങ്ങൾ തമ്മിൽ താപനിലയിൽ വ്യത്യാസം ഉണ്ടാവുന്നതാണ് ഓഷൻ ഡൈപോളാർ. ഇത്തരം സാഹചര്യം വരുമ്പോൾ ചൂട് കൂടിയ ഇടത്തുനിന്നും ചൂടു കുറഞ്ഞ പ്രദേശത്തേക്ക് മത്സ്യങ്ങൾ പോകും. ഇതോടെ ഓഷൻ ഡൈപോളാർ പോസിറ്റീവായ പ്രദേശത്തെ ചെറു മത്സ്യങ്ങളെല്ലാം അപ്രത്യക്ഷമാകും. ട്രോളിങ് നിരോധനത്തിനുശേഷം മത്സ്യബന്ധന മേഖലയിൽ വേണ്ടത്ര വളർച്ച ഉണ്ടായിരുന്നില്ല. അതിനിടെ താപനിലയിലെ വർധനവ് കൂടി വല കാലിയാക്കിയതോടെ ഇവരുടെ ദുരിതം ഇരട്ടിയായിരിക്കുകയാണ്.