'ഭീകരവാദത്തെ വെള്ളപൂശുന്നു'; എമ്പുരാനും പൃഥ്വിരാജിനുമെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രം
ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണെന്നും ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' ആരോപിക്കുന്നു.


ന്യൂഡൽഹി: എമ്പുരാൻ സിനിമക്കും പൃഥ്വിരാജിനുമെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ'. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓർഗനൈസർ ആരോപിക്കുന്നു.
രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്താനാണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദ് ്എന്നത് ഭീകരവാദ സംഘടനയുടെ നേതാവിന്റെ പേരാണ്. അത് മനപ്പൂർവമാണ് സിനിമയിൽ ഉൾപ്പെടുത്തിയത് എന്നും ഓർഗനൈസർ ആരോപിക്കുന്നു.
എമ്പുരാൻ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നേരത്തെയും ഓർഗനൈസർ വിമർശനമുന്നയിച്ചിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചുവെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നുമായിരുന്നു ഓർഗനൈസറിന്റെ വിമർശനം.
സിനിമയിലെ ഗുജറാത്ത് കലാപം സംബന്ധിച്ച പരാമർശങ്ങളാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. സൈബറാക്രമണം രൂക്ഷമായതോടെ സിനിമയിൽ റീ സെൻസറിങ് നടത്താൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ ഇന്ന് മോഹൻലാൽ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.