ക്ഷേത്ര പരിസരത്ത് ആർ.എസ്.എസ് ആയുധ പരിശീലനം നിയന്ത്രിച്ചത് പരാതികളുടെ അടിസ്ഥാനത്തിൽ
സർക്കുലർ പാലിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ഭക്തജനങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് ചെയ്തതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു
തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് ആർ.എസ്.എസ് ആയുധ പരിശീലനം നിയന്ത്രിക്കാനുള്ള സർക്കുലർ പരാതികളുടെ അടിസ്ഥാനത്തിലാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. സർക്കുലർ പാലിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ഭക്തജനങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും കക്ഷിക്ക് ആയുധ പരിശീലനം നടത്താൻ അനുമതി നൽകിയാൽ മറ്റുള്ളവരും ശ്രമിക്കും. ക്ഷേത്ര പരിസരം സമാധാനപരവും ഭക്തർക്ക് സംതൃപ്തികരമായ അന്തരീക്ഷം ഉണ്ടാകണം. ദേവസ്വം ബോർഡ് വിവാദത്തിനില്ലെന്നും വിശ്വാസികളുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഇപ്പോഴും ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങള്‍ പരാതി അറിയിച്ചിരുന്നെന്നും അതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഒരു ഓർമപ്പെടുത്തൽ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്ര പരിസരത്തെ ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകികൊണ്ടുള്ള സർക്കുലർ ഇന്നാണ് ദേവസ്വം ബോർഡ് പുറത്തിറക്കിയത്. പല ക്ഷേത്രങ്ങളിലും ആയുധ പരിശീലനമടക്കം നടക്കുന്നതായി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും സർക്കുലറിൽ പറയുന്നു.
ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും ക്ഷേത്രങ്ങളിൽ ദേവസ്വം വിജിലൻസ് മിന്നൽ പരിശോധനകൾ നടത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് എൽ.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചതിന് പിന്നാലെയാണ് ആർ.എസ്.എസിനെ നിയന്ത്രിക്കാനുള്ള സർക്കുലർ പുറത്തുവരുന്നത്. ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ട. എഴുതിയ കടലാസിന്റെ വില പോലും ഈ തീരുമാനത്തിന് ഉണ്ടാകില്ലെന്നും ഇതൊക്കെ ഇതിന് മുമ്പുമുണ്ടായിട്ടുണ്ടെന്നും വി മുരളീധരൻ പ്രതികരിച്ചു.