എസ്. മണികുമാറിന്റെ യാത്രയയപ്പ്; 10 പേർ പങ്കെടുത്ത പരിപാടിക്ക് സർക്കാർ ചെലവാക്കിയത് 1.22 ലക്ഷം രൂപ
സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഒരാൾക്ക് ഏകദേശം 12,250 രൂപ ചെലവാക്കി ആഡംബര ഹോട്ടലിൽ യാത്രയയപ്പ് സംഘടിപ്പിച്ചത്.
കൊച്ചി: മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ യാത്രയയപ്പ് പാർട്ടിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 1,22,420 രൂപ. 10 പേർ മാത്രം പങ്കെടുത്ത പരിപാടിക്ക് വേണ്ടിയാണ് ഈ തുക ചെലവഴിച്ചത്. ഒരാൾക്ക് ഏകദേശം 12,250 രൂപ എന്ന നിലയിലാണ് ചെലവ്.
കോവളം ലീല ഹോട്ടലിലായിരുന്നു പരിപാടി. 1,19,770 രൂപ ഹോട്ടലിലേക്കും 10 പേർ പങ്കെടുത്ത പരിപാടിക്കുള്ള ക്ഷണക്കത്ത് അച്ചടിച്ച് വിതരണം ചെയ്തതിന് 2650 രൂപയും ചെലവാക്കിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്. കീഴ്‌വഴക്കമില്ലാത്ത ഇത്തരമൊരു യാത്രയയപ്പിനെതിരെ ആദ്യ ഘട്ടത്തിൽ തന്നെ വിമർശനമുയർന്നിരുന്നു.
വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് പൊതുഭരണ വകുപ്പ് കണക്കുകൾ വ്യക്തമാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരം അനാവശ്യ ചെലവുകളെന്ന് എം.കെ ഹരിദാസ് പറഞ്ഞു. എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാനുള്ള തീരുമാനവും വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
നിയമനത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാറിനോട് വിശദീകരണം തേടാൻ ഗവർണർ തീരുമാനിച്ചിട്ടുണ്ട്. പത്താം തിയതി ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും ഗവർണർ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.