സി.പി.എം വിടില്ല; എന്ത് നടപടിയെടുത്താലും പാർട്ടിയിൽ തുടരും: എസ്. രാജേന്ദ്രൻ
ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയിൽ ഇളവെന്ന അപേക്ഷയോട് സംസ്ഥാനനേതൃത്വം മുഖം തിരിച്ചതോടെയാണ് രാജേന്ദ്രൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്.
എന്ത് നടപടിയെടുത്താലും സി.പി.എം വിടില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. പാർട്ടി എന്ത് നടപടിയെടുത്താലും അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടി കീഴ്‌വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
ഇടുക്കി ജില്ലാ സമ്മേളനത്തിൽ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിർദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്റെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷണ കമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാർശ നൽകിയതെന്നും ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയിൽ ഇളവെന്ന അപേക്ഷയോട് സംസ്ഥാനനേതൃത്വം മുഖം തിരിച്ചതോടെയാണ് രാജേന്ദ്രൻ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്.
എം.എം മണി രാജേന്ദ്രനെതിരെ പരസ്യവിമർശനമുയർന്നിരുന്നു. രാജേന്ദ്രനെതിരെ നടപടി വരുമെന്ന് വ്യക്തമാക്കുന്നതായിരുന്നു സമ്മേളനത്തിൽ മണിയുടെ പ്രസംഗം.