തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ
നാളെ മുതലാണ് തീർഥാടകർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം
Update: 2021-10-16 01:44 GMT
തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി വൈകിട്ട് അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. നാളെ മുതലാണ് തീർഥാടകർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിദിനം 15,000 തീർഥാടകർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
നാളെ രാവിലെയാണ് ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിന്‍റെ ഭാഗമായി നവംബര്‍ രണ്ടിന് വൈകുന്നേരം ശബരിമല ക്ഷേത്ര നട വീണ്ടും തുറക്കും. നവംബര്‍ മൂന്നിനാണ് ആട്ട ചിത്തിര. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബർ 15നാണ് നട തുറക്കുക.