ശബരിമല തീര്‍ഥാടനം: ഒരുക്കങ്ങള്‍ വേഗത്തിലാക്കി ആരോഗ്യ വകുപ്പും വനം വകുപ്പും
വന്‍ തിരക്ക് പ്രതീക്ഷിക്കുന്ന കോവിഡാനന്തര തീർഥാടനത്തിനായി ആരോഗ്യ വകുപ്പ് പൂർണസജ്ജമാണെന്ന് വീണാ ജോർജ്
ശബരിമല മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി ആരോഗ്യ വകുപ്പിന്റെയും വനം വകുപ്പിന്റെയും അവലോകന യോഗങ്ങൾ ചേർന്നു. വിവിധ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടന്ന യോഗങ്ങളിൽ മന്ത്രിമാരായ വീണ ജോർജ്, എ.കെ ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഒരുക്കങ്ങൾ അതിവേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിലായി ദേവസ്വം, പൊതുമാരാമത്ത്, ഗതാഗത വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന യോഗങ്ങള്‍ക്ക് പിന്നാലെയാണ് ആരോഗ്യ വകുപ്പും വനം വകുപ്പും പമ്പയില്‍ യോഗം ചേർന്നത്. വന്‍ തിരക്ക് പ്രതീക്ഷിക്കുന്ന കോവിഡാനന്തര തീർഥാടനത്തിനായി ആരോഗ്യ വകുപ്പ് പൂർണസജ്ജമാണെന്നും ഈ മാസം പത്തിന് മുന്‍പ് തയ്യാറെടുപ്പുകള്‍ പൂർത്തിയാക്കുമെന്നും അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോർജ് പറഞ്ഞു.
നിലയ്ക്കലിലും പമ്പയിലുമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദർശിച്ച് മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. 18 എമർജെന്‍സി കെയർ സെന്‍ററുകള്‍ തീർത്ഥാടനത്തിന് മുന്‍പുതന്നെ ആരംഭിക്കുമെന്നും ജീവനക്കാരെ 14ന് വിന്യസിക്കുമെന്നും വീണ ജോർജ് പറഞ്ഞു. ശബരിമല യാത്രയില്‍ സഹായം നല്‍കുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈല്‍ ആപ്പ് നിര്‍മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പമ്പയില്‍ നടന്ന രണ്ട് വകുപ്പുകളുടെ അവലോകന യോഗങ്ങളിലും എം.എല്‍.എ പ്രമോദ് നാരായണന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, കോട്ടയം സബ് കളക്ടര്‍ സഫ്‌ന നസ്‌റുദീന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.