ട്വന്റി 20ക്ക് എതിരായ മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവനക്ക് ജനം മറുപടി നൽകണമെന്ന് സാബു എം ജേക്കബ്
കെ റെയിലിനെ പൂർണമായി എതിർക്കുകയല്ല തങ്ങളുടെ നിലപാടെന്നും എന്നാൽ ജനങ്ങളുടെ നെഞ്ചിൽ കുറ്റിയടിച്ചല്ല കെ റെയിൽ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Update: 2022-05-17 05:48 GMT
കൊച്ചി: ട്വന്റി 20 ബൂർഷ്വാ പാർട്ടിയാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പ്രസ്താവനക്ക് ജനം മറുപടി നൽകണമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്. തെറ്റ് ചെയ്തവർ അത് തിരുത്തണം, തെറ്റ് ചെയ്തിട്ട് ശരിയാണ് ശരിയാണ് എന്ന് പറയരുത്. സിപിഎം മാപ്പ് പറഞ്ഞേ തീരൂ എന്ന നിലപാടൊന്നും തനിക്കില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
കെ റെയിലിനെ പൂർണമായി എതിർക്കുകയല്ല തങ്ങളുടെ നിലപാടെന്നും എന്നാൽ ജനങ്ങളുടെ നെഞ്ചിൽ കുറ്റിയടിച്ചല്ല കെ റെയിൽ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ പിന്തുണ ആവശ്യപ്പെട്ട് മൂന്ന് മുന്നണികളും തന്നെ സമീപിച്ചിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ തൃക്കാക്കരയിൽ ആരെ പിന്തുണക്കുമെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.