കൊല്ലത്ത് വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ആയുധനിയമപ്രകാരമാണ് സജീവനെതിരെ കേസ് എടുത്തിട്ടുള്ളത്. നായയെ ഉപയോഗിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസ് എടുത്തേക്കും.
കൊല്ലം: കൊല്ലം ചിതറയിൽ വാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആയുധനിയമപ്രകാരമാണ് സജീവനെതിരെ കേസ് എടുത്തിട്ടുള്ളത്. നായയെ ഉപയോഗിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസ് എടുത്തേക്കും.
അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന പരാതിയാണ് സജീവനെതിരെ നിലവിലുള്ളത്. സംഭവത്തിൽ ആയുധ നിയമപ്രകാരമാണ് കേസ്. ഈ വടിവാൾ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ നടത്തിയ പരാക്രമങ്ങളുടെ പേരിൽ ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. പോലീസിന് നേർക്ക് വടിവാൾ വീശിയതിനും നായയെ ഉപയോഗിച്ച് കൃത്യനിർവഹണം തടഞ്ഞതിനും പ്രത്യേക കേസെടുക്കും. സമാനമായ രീതിയിൽ പ്രതി മറ്റൊരാളുടെ വസ്തുവിലും അതിക്രമിച്ചു കയറിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയ സജീവന്റെ അമ്മയെ ഇന്നലെ തന്നെ വീട്ടിലേക്ക് തിരികെ എത്തിച്ചു.
അയൽവാസികൾ താമസിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നാണ് ഇയാളുടെ വാദം. വ്യാഴാഴ്ച ഇയാൾ അയൽവാസിയായ സ്ത്രീയെ ആക്രമിച്ചിരുന്നു. ഇന്നലെ പൊലീസ് അന്വേഷിച്ചപ്പോഴാണ് സജീവൻ നായകളെ അഴിച്ചുവിട്ടും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് വീടിനകത്ത് കയറിയാൽ അമ്മയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. നാലര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പൊലീസ് സജീവനെ കീഴ്‌പ്പെടുത്തിയത്.