ഇതെന്‍റെ പൊന്നുമോനുള്ള പിറന്നാള്‍ സമ്മാനം; മകന്‍റെ കൈകളുമായി ജീവിക്കുന്ന ഷെഫിന് ഫുട്ബോള്‍ സമ്മാനമായി നല്‍കി സാരംഗിന്‍റെ മാതാപിതാക്കള്‍

തനിക്ക് ദാനമായി കിട്ടിയ സാരംഗിന്‍റെ ആ കൈകൾ കൂപ്പി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഷിഫിൻ ആ അച്ഛനമ്മമാർക്ക് നന്ദി പറഞ്ഞു

Update: 2024-03-06 08:32 GMT
Editor : Jaisy Thomas | By : Web Desk
സാരംഗ്
Advertising

കൊച്ചി: തന്‍റെ 17-ാം പിറന്നാൾ ആഘോഷിക്കാൻ ഇത്തവണ അവരുടെ പ്രിയപ്പെട്ട സാരംഗ് ഈ ഭൂമിയിലില്ലെങ്കിലും ഫുട്‌ബോളിനോട് എന്നും പ്രിയമായിരുന്ന സാരംഗിന്‍റെ ആ കൈകളിലേക്ക് അച്ഛൻ ബിനേഷ് പിറന്നാൾ സമ്മാനമായി ഒരു ഫുട്‌ബോൾ നൽകിയപ്പോൾ നിയമസഭാ സ്പീക്കർ അടക്കം കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. തനിക്ക് ദാനമായി കിട്ടിയ സാരംഗിന്‍റെ ആ കൈകൾ കൂപ്പി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഷെഫിൻ ആ അച്ഛനമ്മമാർക്ക് നന്ദി പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയാണ് ഈ സ്‌നേഹസംഗമത്തിന് വേദിയായത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗിന്‍റെ കൈകൾ മരണാനന്തര അവയവദാനത്തിലൂടെ സ്വീകരിച്ച പറവൂർ സ്വദേശി ഷെഫിനെ ആദ്യമായി കാണാനെത്തിയതായിരുന്നു സാംരംഗിന്റെ മാതാപിതാക്കൾ.

വരുമ്പോൾ ആ കൈകളിലേക്ക് കൊടുക്കാൻ മകന് പ്രിയപ്പെട്ട ഫുട്‌ബോൾ കൂടെ കരുതാനും അവർ മറന്നില്ല. ചടങ്ങ് നടക്കുന്ന ഹാളിലേക്ക് ഷിഫിൻ വന്നതോടെ ആ കുടുംബത്തിന്റെ ശ്രദ്ധ മുഴുവൻ ആ കൈകളിലേക്കായിരുന്നു. ആ കൈകളിലൂടെ അവർ വീണ്ടും തങ്ങളുടെ പ്രിയപ്പെട്ട മകനെ തൊട്ടറിഞ്ഞു. മാസങ്ങൾക്കു മുമ്പ് വിട വാങ്ങിയ ആ മകന്‍റെ കൈകളിൽ വീണ്ടും തൊടാനും തലോടാനും കഴിഞ്ഞതിന്‍റെ സന്തോഷം കണ്ണുനീർ തുള്ളികളായപ്പോൾ കണ്ടു നിന്ന സ്പീക്കർ എ.എൻ ഷംസീർ അടക്കമുള്ളവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

തുടർന്ന് ഷെഫിൻ പിറന്നാൾ കേക്ക് മുറിച്ച് സാംരഗിന്‍റെ മാതാപിതാക്കൾക്ക് നൽകി. തനിക്ക് പുതിയൊരു ജീവിതം സമ്മാനിച്ച സാരംഗിന്റെ ഫോട്ടോ താൻ കയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രവും ഷെഫിൻ അവർക്ക് സമ്മാനിച്ചു. സ്പീക്കർ എ.എൻ ഷംസീർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സമൂഹത്തിൽ അവയവദാനത്തെ കുറിച്ച് നിരന്തരമായ ബോധവൽക്കരണം ആവശ്യമാണെന്ന് സ്പീക്കർ പറഞ്ഞു. ഇത്രയും മഹത്തരമായ ഒരു കാര്യത്തിന് മുൻകയ്യെടുത്ത സാരംഗിന്‍റെ മാതാപിതാക്കളുടെ ആ മനസ്സിന് നന്ദി പറയുകയാണെന്നും ഷംസീർ കൂട്ടിച്ചേർത്തു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.വി ബീന, പ്ലാസ്റ്റിക് & റീ കൺസ്ട്രക്റ്റീവ് സർജറി വിഭാഗം ചെയർമാൻ ഡോ.സുബ്രഹ്‌മണ്യ അയ്യർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഷിഫിന്റെ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, സാരംഗിന്റെ അച്ഛൻ ബിനേഷ് കുമാർ, അമ്മ രജനി, സഹോദരൻ യശ്വന്ത്. ഷിഫിന്റെ അച്ഛൻ ചിന്നപ്പൻ, അമ്മ ഷീല, അപ്പോളോ ടയേഴ്‌സ് പ്രതിനിധികളായ ജി. അനിൽകുമാർ, ജോർജ് ഉമ്മൻ, വിജയകുമാർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം മെയ് 17 നാണ് ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) വാഹനാപകടത്തിൽ മരിക്കുന്നത്. തുടർന്ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ച സാരംഗിന്റെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ ആറു പേർക്ക് പുതുജീവൻ നൽകിയത് സാരംഗിന്‍റെ അച്ഛനമ്മമാരുടെ നിശ്ചയദാർഢ്യമാണ്. കൊച്ചി അമൃത ആശുപത്രിയിൽ ഡോ. സുബ്രഹ്‌മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 60 അംഗസംഘമാണ് 16 മണിക്കൂറോളം നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സാരംഗിന്‍റെ കൈകൾ പറവൂർ ഗോതുരുത്ത് സ്വദേശിയായ ഷിഫിൻ ഫ്രാൻസിസിന്‍റെ ശരീരത്തിലേക്ക് തുന്നിച്ചേർത്തത്.

പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായ ഷിഫിന് 2020 ഫെബ്രുവരി 8നാണ് കമ്പനിയിൽ വച്ചുണ്ടായ ഒരപകടത്തിൽ രണ്ടു കൈകളും നഷ്ടമായത്. കൈമാറ്റിവയ്ക്കുന്നതിനുള്ള പണം ഷെഫിൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മാനേജ്‌മെന്‍റും സഹപ്രവർത്തകരും ചേർന്നാണ് ലഭ്യമാക്കിയത്. അമൃത ആശുപത്രിയിലെ 14-ാമത്തെ കൈമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News