ശശിധരൻ കർത്തയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; വീട്ടിൽ നിന്നും രേഖകൾ കസ്റ്റഡിയിലെടുത്തെന്ന് ഇ.ഡി
നടപടി ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാനുള്ള കർത്തയുടെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ
കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വീട്ടിൽ നിന്ന് രേഖകൾ കസ്റ്റഡിയിലെടുത്തെന്ന് ഇ.ഡി.
ആലുവയിലെ വീട്ടിൽ നടന്ന ചോദ്യംചെയ്യലിന് പിന്നാലെയാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് കർത്തയെ ചോദ്യം ചെയ്തത്.
പലതവണ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടിട്ടും കർത്ത ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി കർത്തയെ വീട്ടിൽ പോയി ചോദ്യം ചെയ്തത്.
സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് ഇ.ഡി പറഞ്ഞു.
നേരത്തെ പ്രധാനപ്പെട്ട മൂന്ന് രേഖകൾ ഹാജരാക്കാനായി സി.എം.ആർ.എലിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എക്‌സാലോജിക്കുമായി ഉണ്ടാക്കിയ കരാറും എക്‌സാലോജിക്കുമായി നടത്തിയ പണമിടപാട് രേഖകളും ഒപ്പം എന്ത് തരം സേവനങ്ങളാണ് എക്‌സാലോജിക്ക് നൽകിയതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ ഈ രേഖകൾ അതീവരഹസ്യമാണെന്നും എത്തിച്ചുതരാൻ സാധ്യമല്ല എന്ന നിലപാടായിരുന്നു സി.എം.ആർ.എൽ സ്വീകരിച്ചിരുന്നത്. ഈ പശ്ചാതലത്തിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ, ഐടി മാനേജർ എൻ.സി.ചന്ദ്രശേഖരൻ, കമ്പനി സെക്രട്ടറി പി.സുരേഷ് കുമാർ, സീനിയർ ഓഫീസർ അഞ്ജു, മുൻ കാഷ്യർ വാസുദേവൻ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.
സി.എം.ആർ.എൽ പ്രതിനിധികളിൽ നിന്ന് പരമാവധി വിവരശേഖരണം നടത്തി ഉടൻ മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് നോട്ടീസ് നൽകാനാണ് ഇ.ഡിയുടെ നീക്കം.