സ്കൂൾ വിദ്യാഭ്യാസ ഏകീകരണം; കോർ കമ്മിറ്റി റിപ്പോർട്ടിന് വിരുദ്ധമായി വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി

ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനായി കോര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായി വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി

Update: 2024-03-09 04:43 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ഏകീകരണത്തിനായി കോര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായി വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി. ഒരേ ക്യാമ്പസില്‍ ഒന്നിലധികം സ്ഥാപന മേധാവികള്‍ നിയന്ത്രിക്കുന്നതും ലഭ്യമായ വിഭവങ്ങള്‍ വീതിക്കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതും ഏകീകരണത്തിന് കാരണമായി എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

എന്നാല്‍ നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടിയില്‍ അത്തരം തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നു. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങളില്‍ ഏകീകരണം കൊണ്ടുവരുന്നത് തുടക്കം മുതല്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഏകീകരണത്തിന് പ്രധാന കാരണങ്ങളായി കോര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത് രണ്ടു പശ്ചാത്തലങ്ങളാണ്. അതില്‍ ഒന്ന് ഒരേ ക്യാമ്പസില്‍ തന്നെ എല്‍.പി മുതലുള്ള പല സ്ഥാപന മേധാവിമാരും അവരെ നിയന്ത്രിക്കുന്ന വ്യത്യസ്ത ഡയറക്ടറേറ്റുകളും ഉണ്ടാകുന്നു എന്നതാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വഴിമുടക്കിയായി നില്‍ക്കുന്നു. ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടര്‍ ലാബുകള്‍, കളി ഉപകരണങ്ങള്‍ തുടങ്ങി ക്യാമ്പസിലെ വിഭവങ്ങള്‍ എല്ലാ കുട്ടികള്‍ക്കും തുല്യമായി വീതിക്കുന്നതിനും ഈ തര്‍ക്കം തടസ്സമാകുന്നുണ്ട്. വ്യത്യസ്ത സ്ഥാപന മേധാവികളുടെ കീഴില്‍ പരസ്പരം ബന്ധപ്പെടേണ്ടതില്ല എന്ന ധാരണയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ പ്രതിസന്ധി ഉണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ക്കെല്ലാം വിരുദ്ധമാണ് നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടി. ഒരു ക്യാമ്പസില്‍ തന്നെ എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്‌കൂളുകള്‍ ഉണ്ട് എന്ന ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നു എന്നതാണ് മറുപടി. വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച ചോദ്യത്തിലും മറുപടി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരാണ്. വിവിധ വിഭാഗങ്ങള്‍ ഒരു ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത് മൂലം ഉണ്ടായ തര്‍ക്കങ്ങളെ പറ്റി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടില്ല എന്നും നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതോടെ ഏകീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഈ വൈരുദ്ധ്യം മുതലെടുത്ത് സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാനുള്ള നീക്കം അധ്യാപക സംഘടനകളും നടത്തുന്നുണ്ട്.

Full View
Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News