സ്‌കൂൾ ഏകീകരണം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
അധ്യാപകരെ അണിനിരത്തി സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം
തിരുവനന്തപുരം: സ്‌കൂൾ ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. അധ്യാപകരെ അണിനിരത്തി സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആണ് തീരുമാനം. അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം എന്നാണ് ആവശ്യം.
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനായി നിയോഗിച്ച കോർ കമ്മിറ്റി തയ്യാറാക്കിയ കരടിലാണ് സ്‌കൂൾ ഏകീകരണം സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം ഈ കരട് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചപ്പോൾ തന്നെ ഏകീകരണതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഏകീകരണം നടപ്പിലായാൽ ഇപ്പോഴുള്ളത് പോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല. പകരം എട്ട് മുതൽ 12 വരെ ക്ലാസുകൾ ഒന്നിച്ച് സെക്കൻഡറി എന്ന തലത്തിലേക്കു മാറും. കൂടാതെ അധ്യാപകരുടെ വിന്ന്യാസത്തിലും മാറ്റമുണ്ടാകും.
പുതിയ അക്കാദമിക് വർഷം എത്തുമ്പോൾ ഏകീകരണ വിഷയം കൂടുതൽ വിവാദമാക്കാൻ ഒരുങ്ങുകയാണ് യു.ഡി.എഫ്. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ പ്രതിപക്ഷനേതാവിന്റെ വസതിയിൽ അധ്യാപക സംഘടനകളുടെ യോഗം ചേർന്നിരുന്നു. ഏകീകരണം ഉണ്ടായാൽ അത് സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കും എന്നാണ് പ്രതിപക്ഷ നിലപാട്.
ഏകീകരണം ഉണ്ടാകുമ്പോൾ അധ്യാപകർക്ക് കാര്യമായ തസ്തിക നഷ്ടം ഉണ്ടാകും. അതുകൊണ്ട് തന്നെ ശക്തമായി എതിർക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി എന്ന് പേരിട്ട യു.ഡി.എഫ് അധ്യാപകസംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുള്ളത്. അടുത്തഘട്ട യോഗത്തിൽ സമരത്തിന്റെ കൃത്യമായ രൂപം തയ്യാറാക്കും. ജില്ലാ, സംസ്ഥാന തലങ്ങളിൽ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ ആണ് തീരുമാനം.