തിരുവനന്തപുരത്ത് മൂന്നാം ക്ലാസുകാരനെ അധ്യാപിക മര്‍ദിച്ചതായി പരാതി; കുട്ടിയുടെ കൈക്ക് ചതവ്
അധ്യാപികക്കെതിരെ മാതാപിതാക്കൾ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി
Update: 2024-12-12 08:05 GMT
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാല ഗവ. യു പി സ്കൂളിൽ മൂന്നാം ക്ലാസുകാരനെ അധ്യാപിക മർദിച്ചതായി പരാതി .അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവേറ്റു. അധ്യാപികക്കെതിരെ മാതാപിതാക്കൾ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അച്ചടക്കമില്ലാതെ പെരുമാറിയെന്ന കാരണം പറഞ്ഞ് അധ്യാപികയായ ജയ റോഷിൻ വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി. കയ്യിൽ പാടും കഠിനമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്.
പരാതി ഒഴിവാക്കാനായി കുട്ടിയുടെ ചികിത്സാച്ചെലവും പഠനച്ചെലവും ഏറ്റെടുക്കാമെന്ന് സ്കൂൾ അധികൃതർ വാഗ്ദാനം ചെയ്തതായി കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പരാതിയുമായി മുന്നോട്ട് പോകാനാണ് മാതാപിതാക്കളുടെ തീരുമാനം.