സ്വകാര്യ ബസ് ജീവനക്കാരുടെ ദുരിതം തീര്‍ക്കാന്‍ സ്ക്രാപ് ചലഞ്ച്
ആക്രി സാധനങ്ങള്‍ വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതിസന്ധി തീരും വരെ തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നൽകുകയാണ് ലക്ഷ്യം
കോവിഡ് കാലത്തത് ദുരിതത്തിലായ സ്വകാര്യ ബസ് ജീവനക്കാരെ സഹായിക്കുന്നതിനായി സ്‌ക്രാപ്പ് ചലഞ്ചുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. ആക്രി സാധനങ്ങള്‍ വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതിസന്ധി തീരും വരെ തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നൽകുകയാണ് ലക്ഷ്യം.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ അങ്കമാലി- കാലടി യൂണിറ്റുകളാണ് പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാന്‍ ആക്രിസാധനങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ബസ്സുകളുടെ ഉപയോഗ ശൂന്യമായ ടയറും ട്യൂബുമടക്കമുള്ള വിവിധ പാര്‍ട്സുകളാണ് ശേഖരിക്കുക. ബസ് ഉടമകളില്‍ നിന്നാണ് പ്രധാനമായും ആക്രികള്‍ കണ്ടെത്തുന്നത്. 600 ഓളം തൊഴിലാളികളാണ് അങ്കമാലി - കാലടി യൂണിറ്റിന്റെ കീഴിലുള്ളത്.
കാലടി ബസ്സ്റ്റാന്റിൽ നടന്ന പരിപാടി കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം കൊണ്ട് ആക്രി ശേഖരണം പൂര്‍ത്തിയാക്കും. ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരും ആക്രി ശേഖരണ പരിപാടിയില്‍ പങ്കാളികളായി.