'ആരോഗ്യസ്ഥിതി പരിഗണിക്കാതെ അനസ്തേഷ്യ നൽകി'; അഞ്ചര വയസുകാരന്‍ മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് കുടുംബം
ചെറിയ കുഞ്ഞായതിനാൽ വേദന ഉണ്ടാകാതിരിക്കാൻ അനസ്തേഷ്യ നൽകിയശേഷം അസ്ഥി പിടിച്ചിടാമെന്ന് ഡോക്ടർ തന്നെയാണ് നിർദേശിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു
പത്തനംതിട്ട: റാന്നിയിൽ അഞ്ചര വയസുകാരന്‍റെ മരണം ചികിത്സ പിഴവിനെ തുടർന്നെന്ന് ആരോപണം.റാന്നി പ്ലാങ്കമൺ ഗവ. എൽ പി സ്കൂൾ വിദ്യാർഥി ആരോൺ വി വർഗീസ് ആണ് മരിച്ചത്. വീണ് പരിക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ റാന്നി മാർത്തോമാ ആശുപത്രി അധികൃതർ അനസ്തേഷ്യ നൽകിയെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അവശത നേരിട്ടു എന്നാണ് ആശുപത്രിയുടെ വിശദീകരണം.
ഇന്നലെ ഉച്ചയോടെയാണ് പിതാവ് വിജയനെ ആരോൺ വീണ് പരിക്ക് പറ്റിയതായി സ്കൂൾ അധികൃതർ അറിയിച്ചത്. അതിനുശേഷം ഓട്ടോയിൽ കയറ്റി സ്കൂളിൽ നിന്നും വീട്ടിലേക്ക് വിട്ടു. കുട്ടിക്ക് വേദന കൂടിയതോടെ മാതാവ് റാന്നി മാർത്തോമ ആശുപത്രിയിൽ കൊണ്ട് പോയി.
ഡോക്ടർ പരിശോധിച്ച് കുഞ്ഞിന്റെ കയ്യിന്റെ പിൻവശത്തെ എല്ല് സ്ഥാനം മാറി കിടക്കുന്നതായി അറിയിച്ചു. ചെറിയ കുഞ്ഞായതിനാൽ വേദന ഉണ്ടാകാതിരിക്കാൻ അനസ്തേഷ്യ നൽകിയശേഷം അസ്ഥി പിടിച്ചിടാമെന്ന് ഡോക്ടർ തന്നെയാണ് നിർദേശിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയതിന് പിന്നാലെ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഉടൻതന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു.
മരണകാരണവും ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചോ എന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ പൂർത്തിയാക്കിയ ശേഷം മാത്രമേ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയിൽ റാന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.