കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം: ഇടപെടാതെ കണ്ടക്ടര്‍, പ്രതികരിക്കാതെ യാത്രക്കാര്‍

'നിയമപരമായി തന്നെ നേരിടും. നാളെ ഒരു കുട്ടിയെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യുന്നതു കണ്ടാല്‍പ്പോലും അയാള്‍ പ്രതികരിക്കാതെ ഇരിക്കില്ലേ?

Update: 2022-03-06 04:32 GMT
Advertising

കെഎസ്ആർടിസി ബസിൽ കോളജ് അധ്യാപികക്ക് ദുരനുഭവം. സഹയാത്രികൻ മോശമായി പെരുമാറിയെന്നും പരാതിപ്പെട്ടപ്പോൾ കണ്ടക്ടർ പ്രതികരിച്ചില്ലെന്നും അധ്യാപിക പറഞ്ഞു. കണ്ടക്ടർക്കെതിരെ പരാതി നൽകാനാണ് അധ്യാപികയുടെ തീരുമാനം.

സംഭവിച്ചതിനെ കുറിച്ച് അധ്യാപിക പറഞ്ഞതിങ്ങനെ- "കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുമ്പോള്‍ തൃശൂര്‍ എത്തുന്നതിനു മുന്‍പ് എന്‍റെ സീറ്റിന്‍റെ തൊട്ടുപിറകിലിരുന്നയാള്‍ മോശമായി സ്പര്‍ശിച്ചു. ഞാനപ്പോള്‍ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേള്‍ക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാള്‍ സോറി പറഞ്ഞു. വീണ്ടും ഞാന്‍ ഇരുന്നെങ്കിലും അയാള്‍ പിറകില്‍ തന്നെയുള്ളതിനാല്‍ പേടി തോന്നി. ഞാനെന്ത് ധൈര്യത്തിലാ ഇവിടെയിരിക്കുക എന്ന് വീണ്ടും എഴുന്നേറ്റുനിന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ മാപ്പ് മാപ്പ് എന്നും പറഞ്ഞ് രണ്ടു സീറ്റ് പിറകോട്ട് പോയി. കണ്ടക്ടര്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പക്ഷേ അയാള്‍ ഒന്നും പറഞ്ഞില്ല.

ഇത്രയും ഇവിടെ നടന്നിട്ടും ചേട്ടനൊന്നും പറയുന്നില്ലേയെന്ന് ഞാന്‍ കണ്ടക്ടറോട് ചോദിച്ചു. അയാള്‍ മാപ്പ് പറഞ്ഞതല്ലേ ഇനിയിന്തിനാ ഇഷ്യു ആക്കുന്നെ എന്നു കണ്ടക്ടര്‍ ചോദിച്ചു. ഇയാള്‍ ചെയ്ത കാര്യമല്ലേ വിഷയം, ഞാനിങ്ങനെ വിറയ്ക്കുന്നത് കാണുന്നില്ലേ എന്ന് കരഞ്ഞുകൊണ്ട് കണ്ടക്ടറോട് ചോദിച്ചു. ബസിലുണ്ടായിരുന്ന മറ്റുള്ളവരോടും ഞാനിത് തന്നെ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നി. 40 പേരോളം ആ ബസിലുണ്ടായിരുന്നിട്ടും ആരും എനിക്കു വേണ്ടി സംസാരിച്ചില്ല. ഇങ്ങനെയൊക്കെ ഉണ്ടായാല്‍ ആളുകള്‍ നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെനില്‍ക്കും എന്ന ധൈര്യത്തിലാണ് നമ്മളൊക്കെ യാത്ര ചെയ്യുന്നത്. ഇന്നലെത്തോടെ ആ ധൈര്യം പോയി.

പൊലീസില്‍ അറിയിച്ചു. എന്താ വേണ്ടതെന്ന് പൊലീസ് ചോദിച്ചു. പൊലീസ് അപ്പോള്‍ കണ്ടക്ടറെ മാറ്റിനിര്‍ത്തി സംസാരിച്ചു. തിരിച്ചുവന്ന് ചെയ്തത് തെറ്റാണ്, അയാള്‍ക്ക് കുറ്റബോധമുണ്ടെന്ന് പറഞ്ഞു. പക്ഷേ ഞാനിത് നിയമപരമായി തന്നെ നേരിടും. പ്രതികരിക്കാതിരുന്നാല്‍ നാളെ ഒരു കുട്ടിയെ അയാളുടെ മുന്നില്‍ വെച്ച് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്താല്‍പ്പോലും അയാളിങ്ങനെ ഇരിക്കില്ലേ? ഒന്നും കാണാത്തപോലെ"

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News