പി.എം ആർഷോയുടെ പരാതിയില്‍ കൂടുതൽ പ്രതികളുടെ മൊഴി രേഖപ്പെടുത്തും
കെ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശന അട്ടിമറിയിൽ സിൻഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണം വൈകും
കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ ഇന്നു കൂടുതൽ പ്രതികളുടെ മൊഴിയെടുക്കും. മാധ്യമപ്രവർത്തക അഖിലാ നന്ദകുമാർ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ എന്നിവര്‍ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. അതിനിടെ കെ. വിദ്യക്ക് പി.എച്ച്.ഡി പ്രവേശനം നല്‍കാന്‍ സംവരണക്രമം അട്ടിമറിച്ചെന്ന പരാതിയില്‍ കാലടി സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണം വൈകും.
ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ ഒന്നാം പ്രതിയായ മഹാരാജാസ് കോളജ് ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറിന്‍റെയും രണ്ടാം പ്രതി കോളേജ് പ്രിൻസിപ്പൽ വി.എസ് ജോയിയുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മൂന്നാം പ്രതിയാണ് അലോഷ്യസ് സേവ്യര്‍. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാര്‍ അഞ്ചാം പ്രതിയുമാണ്. ഇരുവരുടെയും മൊഴി അന്വേഷണസംഘം ഇന്നോ നാളെയോ രേഖപ്പെടുത്തും.
പ്രതികളുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷമാകും മഹാരാജാസ് കോളജിലെ വിശദമായ തെളിവെടുപ്പിലേക്ക് കടക്കുക. അതിനിടെ, എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്ക് പി.എച്ച്.ഡി പ്രവേശനം നല്‍കാന്‍ സംവരണക്രമം അട്ടിമറിച്ചെന്ന പരാതിയില്‍ കാലടി സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണം വൈകും. സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിക്ക് അന്വേഷണം വിട്ടത് വി.സി എം.വി നാരായണനാണ്.
സി.പി.എമ്മിന്റെ ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാറാണ് ഉപസമിതി കണ്‍വീനര്‍. അന്വേഷണച്ചുമതല സംബന്ധിച്ച വിവരം സമിതിയിലെ അംഗങ്ങള്‍ക്ക് വാട്സ്ആപ് സന്ദേശമായി വെള്ളിയാഴ്ചയാണ് ലഭിച്ചത്. ഒരു അംഗം അമേരിക്കയിലാണ്. പല അംഗങ്ങളും ജില്ലക്ക് പുറത്ത് നിന്നുള്ളവരുമാണ്. അതിനാൽ, ഉപസമിതിയുടെ പ്രാഥമിക സിറ്റിങ് ഈ ആഴ്ച നടക്കുമോയെന്ന് ഉറപ്പില്ലെന്ന് സമിതി അംഗങ്ങളില്‍ ഒരാള്‍ മീഡിയവണിനോട് പറഞ്ഞു.
Summary: Statements of more accused will be taken today on the complaint of SFI state secretary PM Arsho to investigate the conspiracy behind the mark list controversy.