ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡനെന്ന് എസ്.എഫ്.ഐ, ജനഹൃദയങ്ങളിലാണ് അവരെന്ന് കെ.എസ്.യു; മഹാരാജാസില്‍ 'ബാനര്‍ വിപ്ലവം'
എസ്.എഫ്.ഐയെ നിരോധിക്കണമെന്ന ഹൈബി ഈഡൻ എം.പിയുടെ പരമാർശത്തിൽ പ്രതിഷേധവുമായി 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്ന മുദ്രാവാക്യവുമായി എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറാണ് മഹാരാജാസ് കോളേജിന് മുമ്പില്‍ ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതിന് പിന്നാലെയാണ് മറുപടി പോസ്റ്ററുമായി കെ.എസ്.യു രംഗത്തെത്തുന്നതും അതിന് മറുപടിയായി വീണ്ടും എസ്.എഫ്.ഐ വരുന്നതും.
എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ഹൈബി ഈഡന്‍ എം.പിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി മഹാരാജാസ് ക്യാമ്പസിന് മുന്‍പില്‍ ഉയര്‍ന്ന ബാനറും മറുപടി ബാനറുകളുമാണ് ഇത്തവണ ചര്‍ച്ചയാകുന്നത്. എസ്.എഫ്.ഐയെ നിരോധിക്കണമെന്ന ഹൈബി ഈഡൻ എം.പിയുടെ പരമാർശത്തിൽ പ്രതിഷേധവുമായി 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്ന മുദ്രാവാക്യവുമായി എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറാണ് മഹാരാജാസ് കോളേജിന് മുമ്പില്‍ ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതിന് പിന്നാലെയാണ് മറുപടി പോസ്റ്ററുമായി കെ.എസ്.യു രംഗത്തെത്തുന്നതും അതിന് മറുപടിയായി വീണ്ടും എസ്.എഫ്.ഐ വരുന്നതും.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ
ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്.എഫ്.ഐയെ ക്യാമ്പസുകളില്‍ നിന്ന് നിരോധിക്കണമെന്നായിരുന്നു ഹൈബി ഈഡൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടത്. വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ നിഷേധിക്കുകയുമാണ് എസ്.എഫ്.ഐ ചെയ്യുന്നതെന്നും ഹൈബി സഭയില്‍ പറഞ്ഞു. തിരുവനന്തപുരം ലോ കോളേജിലെ സംഘർഷം ചൂണ്ടിക്കാട്ടിയായിയിരുന്നു ഹൈബി ഈഡൻറെ പരാമര്‍ശം.
ഹൈബി ഈഡന്‍റെ പരാമര്‍ശത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിവിധ ക്യാമ്പസുകളില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എം.ജി യൂണിവേഴ്സ്റ്റിറ്റിക്ക് കീഴിലെ കോളേജും എസ്.എഫ്.ഐയുടെ ശക്തികേന്ദ്രവുമായ എറണാകുളം മഹാരാജാസില്‍ ഹൈബി ഈഡനും ഇന്ദിര ഗാന്ധിക്കുമെതിരെ ബാനര്‍ ഉയര്‍ന്നത്. 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തിയത്. വളരെ പെട്ടെന്നുതന്നെ ഈ ബാനര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു.
കെ.എസ്.യുവിന്‍റെ മറുപടി പോസ്റ്റര്‍
എസ്.എഫ്.ഐയുടെ പ്രതിഷേധ മുദ്രാവാക്യത്തിന് മറുപടിയായി ക്യാമ്പസിലെ കെ.എസ്.യു രംഗത്തുവന്നു. എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിന് മുകളില്‍ കെ.എസ്.യു തങ്ങളുടെ മറുപടി ബാനര്‍ ഉയര്‍ത്തി. 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്നായിരുന്നു കെ.എസ്.യുവിന്‍റെ മറുപടി മുദ്രാവാക്യം. എസ്.എഫ്.ഐയുടെ പ്രതിഷേധത്തിന് മറുപടി കൊടുത്ത് കൊണ്ട് കെ.എസ്.യു ഉയര്‍ത്തിയ ബാനറും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റി.
വീണ്ടും എസ്.എഫ്.ഐ മറുപടി
എന്നാല്‍ അവിടംകൊണ്ടവസാനിപ്പിക്കാന്‍ എസ്.എഫ്.ഐ തയ്യാറായില്ല. കെ.എസ്.യുവിന്‍റെ മറുപടിക്ക് വീണ്ടും എസ്.എഫ്.ഐ വീണ്ടും അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇത്തവണ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ പരാമര്‍ശിച്ചായിരുന്നു എസ്.എഫ്.ഐ വിമര്‍ശനം. കെ.എസ്.യുവിന്‍റെ ബാനറിന് മുകളില്‍ ഒരുപടികൂടി ഉയര്‍ത്തിക്കെട്ടി എസ്.എഫ്.ഐ ഇങ്ങനെ കുറിച്ചു. ''അതെ, ജനഹൃദയങ്ങളിലുണ്ട്, അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ...''
ബാനറുകളും മറുപടി ബാനറുകളുമായി അങ്ങനെ വീണ്ടും മഹാരാജാസിലെ ക്യാമ്പസ് രാഷ്ട്രീയം സജീവമാകുകയാണ്. സമൂഹമാധ്യമങ്ങളില്‍ സംഭവം എന്തായാലും ഹിറ്റായിട്ടുണ്ട്. പ്രതിഷേധങ്ങളെ സര്‍ഗാത്മകമായിത്തന്നെ നേരിടുന്ന രീതിയിലേക്ക് ക്യാമ്പസുകള്‍ തിരിച്ചുവരികയാണെന്നും ചിത്രം പങ്കുവെച്ച് പലരും സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നുണ്ട്.