'നിങ്ങൾ കൊന്ന് കൊള്ളൂ... നിങ്ങളുടെ വീടുകളിൽ സമൃദ്ധി എത്തിക്കുവാൻ ഈ സർക്കാരുണ്ട്'; ഷാഫി പറമ്പിൽ

പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയതിനെതിരെ ഷാഫി പറമ്പിൽ

Update: 2021-06-20 16:51 GMT
Advertising

പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയതിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എ. കൃപേഷിന്റെയും ശരത് ലാലിന്റേയും കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടപ്പോൾ അത് തടയാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കിയ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'നിങ്ങൾ കൊന്ന് കൊള്ളൂ.. കോടികൾ കൊടുത്തും നിയമത്തിന് മുമ്പിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകാം എന്ന് മാത്രമല്ല, നിങ്ങളുടെ വീടുകളിൽ സമൃദ്ധി എത്തിക്കുവാൻ ഈ സർക്കാരുണ്ടെന്ന് കൊലപാതകികൾക്ക് നൽകുന്ന സന്ദേശം വലിയ ആപത്താണ്'- ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം; 

25 വയസ്സ് പോലും തികയാത്ത 2 ചെറുപ്പക്കാരെ ക്രൂരമായി കൊന്ന് തള്ളിയവർക്ക് വേണ്ടി സുപ്രീം കോടതിയിൽ നിന്ന് സർക്കാർ ചിലവിൽ വക്കീലിനെ കൊണ്ട്‌ വരിക. ഇപ്പോൾ പ്രതികളുടെ ഭാര്യമാരെ സർക്കാർ ചിലവിൽ ശമ്പളം നൽകി തീറ്റി പോറ്റുക. നികുതി അടക്കുന്ന ജനങ്ങൾക്ക് ഈ ചിലവുകൾ ഏറ്റെടുക്കേണ്ട ബാധ്യതയുണ്ടോ ? ആവർത്തിച്ച് പറയുന്നു , സർക്കാർ കൊലയാളികളുടെ ആരാധാനാലയവും ആഭ്യന്തര മന്ത്രി കൂടി ആയ മുഖ്യൻ അവരുടെ സംരക്ഷകനും ആവുന്നു .

കാസർകോഡ് പെരിയയിലെ കല്യോട്ടെ പത്തൊൻപതും, ഇരുപത്തിമൂന്നും വയസ്സായ രണ്ട് ചെറുപ്പക്കാർ കൃപേഷിന്റെയും ശരത് ലാലിന്റേയും ഘാതകരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുൻപിലെത്തിക്കുവാനായി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടപ്പോൾ, അത് തടയിടുവാനായി ഖജനാവിൽ നിന്ന് കോടികൾ ചിലവാക്കി സുപ്രീം കോടതിയിലെ രജ്ഞിത് കുമാറിനെയും, മനീന്ദർ സിംഗിനെയും എത്തിച്ച് കോടതിയിൽ സംസ്ഥാന സർക്കാർ വാദിക്കുന്നതിരെ നിയമ സഭയിൽ ചോദിച്ചപ്പോൾ വേണമെങ്കിൽ ഇനിയും എത്ര തുകയും ചിലവഴിക്കുമെന്ന് വെല്ലുവിളിയോടെ സംസാരിച്ച മുഖ്യമന്ത്രിയായിരുന്നു പിണറായി. കോടികൾ ചിലവാക്കുക മാത്രമല്ല, അവരുടെ കുടുംബത്തിനു ചിലവിനു കൊടുക്കുവാനും പോകുന്നു.

കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയ നാല് ജീവനക്കാരികൾ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തിൽ പ്രതികളായ സി.പി.എം സഖാക്കളുടെ സഖികളായത് യാദൃശ്ചികമല്ല. നിങ്ങൾ കൊന്ന് കൊള്ളൂ.. കോടികൾ കൊടുത്തും നിയമത്തിന് മുമ്പിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകാം എന്ന് മാത്രമല്ല, നിങ്ങളുടെ വീടുകളിൽ സമൃദ്ധി എത്തിക്കുവാൻ ഈ സർക്കാരുണ്ടെന്ന് കൊലപാതകികൾക്ക് നൽകുന്ന സന്ദേശം വലിയ ആപത്താണ്.

മക്കൾ നഷ്ടപ്പെട്ടതിന്റെ പിടച്ചിലുമായി രണ്ട് മാതാപിതാക്കളുടെ കണ്ണീരുപ്പ് കലർന്ന വേദന ഒരു നാൾ ഈ അഹന്തയെ കടപുഴക്കും... നീതിക്ക് വേണ്ടി പോരാടിയ കാസർകോട്ടെ യൂത്ത് കോൺഗ്രസ്സര്‍ പ്രവർത്തകരുടെ സമരത്തെ സംസ്ഥാന വ്യാപകമായി ഏറ്റെടുക്കും .

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News