ഒളിവുജീവിതം കഴിഞ്ഞ് നടൻ സിദ്ദീഖ് പുറത്ത് വന്നിട്ടും അനങ്ങാതെ അന്വേഷണ സംഘം

നിയമപരമായ തടസമില്ലെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ സിദ്ദീഖിന് ഇതേവരെ നോട്ടീസ് അയക്കാൻ പ്രത്യേക അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല

Update: 2024-10-02 01:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ഒരാഴ്ചയ്ക്ക് ശേഷം ഒളിവുജീവിതം കഴിഞ്ഞ് നടൻ സിദ്ദീഖ് പുറത്ത് വന്നിട്ടും അനങ്ങാതെ അന്വേഷണ സംഘം. നിയമപരമായ തടസമില്ലെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ സിദ്ദീഖിന് ഇതേവരെ നോട്ടീസ് അയക്കാൻ പ്രത്യേക അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. ഇതിൽ നിയമോപദേശം ലഭിച്ചിട്ടില്ലെന്നതാണ് അന്വേഷണ സംഘം നൽകുന്ന വിശദീകരണം.

രണ്ടാഴ്ച സമയമാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലുള്ളത്. ഈ സമയത്തിനുള്ളിൽ ബലാത്സംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സിദ്ദീഖിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നതായിരുന്നു ഇന്നലെ വൈകീട്ട് വരെ അന്വേഷണ സംഘം കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ വൈകീട്ടോടെ ഒളിവുജീവിതം അവസാനിപ്പിച്ച് സിദ്ദീഖ് വെളിച്ചത്ത് വന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. ഇതിന് ശേഷവും ചോദ്യം ചെയ്യലിന് ഹാജരാകാൻ സിദ്ദീഖിന് നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട്‌ നിയമോപദേശം തേടിയിരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ തലവനായ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷ്. ഇത് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സംഘം അടുത്ത നീക്കത്തിലേക്ക് കടക്കൂ.

ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടുകയാണ് സാധാരണ രീതി. എന്നാൽ സിദ്ദീഖിന്‍റെ കാര്യത്തിൽ ഇങ്ങനെ ചെയ്താൽ സുപ്രിം കോടതി രണ്ടാഴ്ചയ്ക്ക് ശേഷം മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് അന്വേഷണ സംഘത്തിനുള്ളത്. അതിനാൽ ഇതൊഴിവാക്കി ചോദ്യം ചെയ്യൽ മാത്രം നടത്തിയാൽ മതിയോ എന്നതിൽ ആലോചനയും നടക്കുന്നുണ്ട്. അങ്ങനെ ചെയ്താൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളുന്ന ഘട്ടത്തിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി തുടർനടപടികൾ പൂർത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ആലോചന. തെളിവെടുപ്പ് നടത്താനും ഇതാണ് ഉചിതമെന്ന വിലയിരുത്തലുമുണ്ട്. ഇതിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News