പാട്ട് പകുതിയില്‍ നിര്‍ത്തി പാട്ടുകാരന്‍ പോയി; ഗായകന്‍ കൊല്ലം ശരത് വേദിയില്‍ കുഴഞ്ഞു വീണുമരിച്ചു

കോട്ടയത്ത് അടുത്ത ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു

Update: 2022-05-09 04:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം: ഗാനമേളവേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്(52) (എ.ആർ.ശരത്ചന്ദ്രൻ നായർ) അന്തരിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ: രാജമ്മ. സഹോദരി: ദീപ. സംസ്കാരം തിങ്കളാഴ്ച മുളങ്കാടകം ശ്മശാനത്തിൽ നടക്കും.

അടുത്ത ബന്ധുവിന്‍റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ 'ആഴക്കടലിന്‍റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതം വന്ന് തളർന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സരിഗയിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരതിന്‍റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. ലോക്ഡൗണ്‍ അവസാനിച്ചതോടെ വീണ്ടും ഗാനമേള വേദികളിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് ശരതിനെ വേദിയില്‍ നിന്നും മരണം കീഴടക്കിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News