സോളാർ കേസിലെ ഗൂഢാലോചന; ഗണേഷ് കുമാറിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്
കൊച്ചി: സോളാർ കേസിലെ ഗൂഢാലോചനയിൽ കെബി ഗണേഷ് കുമാർ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ കീഴ്കോടതിയെ അറിയിച്ചത്. കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നും ഉൾപ്പെടെയാണ് പരാതിയിലെ ആരോപണങ്ങൾ.മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്.