മൃതദേഹം പൊലീസിൽ അറിയിക്കാതെ വിട്ടുനൽകണം; ഡോക്‌ടറെ ഭീഷണിപ്പെടുത്തി എസ്‌പി
വയനാട് മെഡിക്കൽ കോളജിലെ ഡ്യൂട്ടി ഡോക്ടർക്ക് നേരെയായിരുന്നു ഭീഷണി
വയനാട്: സർക്കാർ ഡോക്ടറെ ഭീഷണപ്പെടുത്തി കോഴിക്കോട് വിജിലൻസ് എസ് പി പ്രിൻസ് എബ്രഹാം. സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസിലറിയിക്കാതെ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
വയനാട് മെഡിക്കൽ കോളജിലെ ഡ്യൂട്ടി ഡോക്ടർ സിൽബിയെയാണ് വയനാട് സ്വദേശിയായ പ്രിൻസ് എബ്രഹാം ഭീഷണിപ്പെടുത്തിയത്. എസ്പി ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും നടപടികൾ തുടരാൻ അനുവദിച്ചില്ലെന്നും ഡോക്ടർ മീഡിയ വണിനോട് പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടതിനാൽ പോസ്റ്റുമോർട്ടം വേണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസാണ് തീരുമാനിക്കേണ്ടത്. ഈ നടപടിയാണ് ഉന്നതതലത്തിലിരിക്കുന്ന ഉദ്യോഗസ്ഥൻ തടസപ്പെടുത്തിയതെന്നും ഡോക്ടർ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച അബോധാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച രോഗിയാണ് മരണപ്പെട്ടത്. സംശയാസ്പദമായ സാഹചര്യം ആയതിനാൽ പോലീസിനെ അറിയിക്കാൻ ഡോക്ടർ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇത് അനാവശ്യമായ നടപടിയാണെന്നും ചെയ്യരുതെന്നും ആവശ്യപ്പെട്ടാണ് എസ്പി രംഗത്തെത്തിയത്. ആശുപത്രിയിലെ ജീവനക്കാരിൽ ഒരാളാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം, ഡോക്ടർ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) ആരോപിച്ചു.