പൂരം നിയന്ത്രണങ്ങളിൽ എഡിജിപി ഇടപെട്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Update: 2024-09-24 04:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: പൂരം നിയന്ത്രണങ്ങളിൽ എഡിജിപി ഇടപെട്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണ്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എഡിജിപി തൃശൂരിൽ തങ്ങിയത് രണ്ട് ദിവസമാണ്. പൂരദിവസവും തലേദിവസവുമാണ് തൃശൂരിൽ ഉണ്ടായിരുന്നത്. പൂരം കലങ്ങിയപ്പോൾ സ്ഥലത്തെത്തി. പുലർച്ചെ മടങ്ങിയ എഡിജിപി പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കി. എഡിജിപി തങ്ങിയത് തൃശൂര്‍ പൊലീസ് അക്കാദമിയിലെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം തൃശൂർ പൂരം കലങ്ങലിൽ എഡിജിപി എം.ആർ അജിത് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് സർക്കാരിന് കൈമാറും. ഡിജിപിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് സർക്കാരിന് നൽകുക. ഇന്ന് തന്നെ മുഖ്യമന്ത്രി റിപ്പോർട്ട്‌ പരിശോധിക്കും.

പൂരം കലങ്ങിയതിൽ അട്ടിമറിയോ ബാഹ്യ ഇടപെടലോ ഇല്ലെന്നാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ തന്നെ നടപടി നേരിട്ട തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിന്‍റേതൊഴിച്ചാൽ, മറ്റ് ഉദ്യോഗസ്ഥതല വീഴ്ച കണ്ടെത്തിയിട്ടില്ല. അതിനാൽത്തന്നെ നടപടിക്ക് ശിപാർശയും റിപ്പോർട്ടിലില്ല. പൂരം തടസ്സപ്പെട്ടതിൽ ദേവസ്വങ്ങളുടെ പങ്കും പ്രത്യേകം പറയുന്നുണ്ട്. ശനിയാഴ്ചയാണ് എഡിജിപി റിപ്പോർട്ട്‌ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രത്യേക ദൂതൻ വഴി കൈമാറിയത്. ഇന്ന് തന്‍റെ കുറിപ്പോടു കൂടി ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട്‌ കൈമാറും.

തുടർന്ന് ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് നൽകുക. എന്നാൽ റിപ്പോർട്ടിലെ കാര്യങ്ങൾ വാർത്തയായി നൽകിയ മാധ്യമങ്ങളെ വിമർശിച്ച മുഖ്യമന്ത്രി, റിപ്പോർട്ട്‌ ഉടൻ പുറത്തുവിടുമെന്നും ഇന്നലെ തൃശൂരിൽ വ്യക്തമാക്കി. റിപ്പോർട്ട്‌ തൃപ്തികരമാണോ അല്ലയോ എന്നതിൽ ഡിജിപി രേഖപ്പെടുത്തുന്ന കുറിപ്പ് നിർണായകമാണ്. നടപടിക്ക് ശിപാർശയോ കൂട്ടിച്ചേർക്കലുകളോ കുറിപ്പിലുണ്ടായാൽ സർക്കാരിന് അത് പരിഗണിക്കേണ്ടി വരും.

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News