കായിക താരങ്ങൾ വിമാനത്തിൽ പോകും; യാത്രാ പ്രതിസന്ധിയിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി
16 പേർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴുപേർക്ക് കരിപ്പൂരിൽ നിന്നും യാത്രയൊരുക്കാനാണ് നിർദേശം
തിരുവനന്തപുരം: ദേശീയ സ്കൂൾ ബാഡ്മിന്റൺ മീറ്റിൽ പങ്കെടുക്കേണ്ട കേരളത്തിൽ നിന്നുള്ള താരങ്ങൾക്ക് നാളെ ഭോപ്പാലിലേക്ക് തിരിക്കാനാകുമെന്ന് പ്രതീക്ഷ. കായികതാരങ്ങളെ വിമാനത്തിൽ കൊണ്ടുപോകുമെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വിമാന ടിക്കറ്റെടുക്കാൻ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി. 16 പേർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴുപേർക്ക് കരിപ്പൂരിൽ നിന്നും യാത്രയൊരുക്കാനാണ് നിർദേശം.
ദേശീയ സ്കൂൾ ബാഡ്മിന്റൺ മീറ്റിൽ പങ്കെടുക്കേണ്ട താരങ്ങൾക്ക് മത്സരത്തിനായി ഭോപ്പാലിലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തതിനാലാണ് പ്രതിസന്ധിയിലായത്. മാനേജർ അടക്കമാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്‍പ്രസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേമായത്. എസി ടിക്കറ്റ് ഉൾപ്പെടെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു.