രാജ്യം ശവപ്പറമ്പാക്കിയ മോദിയും കൂട്ടരും അധികാരത്തിൽ നിന്ന് പുറത്ത് പോകണം - ഡോ. എസ്.ക്യൂ.ആർ ഇല്യാസ്
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.എസ്.ക്യൂ.ആർ. ഇല്യാസ്
നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ശവപ്പറമ്പാക്കിയെന്നും മോദിയും കൂട്ടരും അധികാരം വിട്ടൊഴിഞ്ഞ് പോകുകയാണ് വേണ്ടതെന്നും വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ. ഇല്യാസ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയേയും ജനാധിപത്യത്തേയും സമ്പൂർണമായി തകർക്കുന്ന ഭരണമാണ് ഏഴു വർഷം കൊണ്ട് നടന്നത്. പാർലമെൻറിനെ നോക്കുകുത്തിയാക്കി ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് ഏകാധിപത്യ ഭരണകൂടമാകാനാണ് മോഡി സർക്കാർ ശ്രമിച്ചത്. മാധ്യമങ്ങളെ വിലയ്ക്കെടുത്തും വ്യാജപ്രചരണങ്ങൾ ജനങ്ങളിലേക്ക് നിരന്തരം പ്രക്ഷേപണം ചെയ്തും ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ് മോദിസർക്കാർ മാറിയിരിക്കുകയാണ്. കശ്മീർ , മുത്തലാഖ്, പൗരത്വം നിഷേധം കാർഷിക ബില്ല തുടങ്ങിയ ഭരണഘടനാ വിരുദ്ധ നടപടികൾ ജനങ്ങളെ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. കോവിഡ് മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുമ്പോഴും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മുൻകരുതലുകൾ എടുക്കുന്നതിൽ സമ്പൂർണ പരാജയമാണ് സർക്കാർ. സാഹചര്യം മുതലെടുത്ത് വൻകിട വാക്സിൻ ലോബിയുടെ കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന വാക്സിൻ നയമാണ് സർക്കാരിൻറേത്. കോടതി ഇടപെട്ട ശേഷമാണ് വാക്സിൻ സൌജന്യമാക്കിയത്.
കർഷകരുടെയും സ്ത്രീകളുടെയും ദളിത്-ആദിവാസി മുസ്ലിം വിഭാഗങ്ങളുടെയും ജീവിതം ഇന്ത്യയിൽ അരക്ഷിതമായി മാറിയിരിക്കുകയാണ്. ആൾക്കൂട്ട കൊലകൾ എന്നപേരിൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ നടത്തുന്ന ആക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മോഡി സ്വീകരിക്കുന്നത്. നോട്ടു നിരോധനത്തിലൂടെയും ജിഎസ്ടി യിലൂടെയും ഇന്ത്യയിലെ സാമ്പത്തിക നില സമ്പൂർണ്ണമായി തകർന്നിരിക്കുകയാണ്. അന്ധവിശ്വാസങ്ങളും ആക്രമണങ്ങളും കൊണ്ട് മാത്രം രാജ്യത്തെ വികസിപ്പിക്കാൻ ശ്രമിക്കുന്ന മോദിസർക്കാറിന് ഒരുനിലക്കും ഭരണത്തിൽ തുടരാൻ അർഹതയില്ല. ജുഡീഷ്യറിയെയും ബ്യൂറോക്രസിയെയും സംഘ്പരിവാർ ആശയങ്ങൾ നടപ്പാക്കാനുള്ള ചട്ടുകമായി മാറ്റാനാണ് മോദി സർക്കാരിൻറെ നീക്കം. രാജ്യത്ത് ജനങ്ങൾ മരിച്ചു വീഴുമ്പോൾ നിസംഗമായി നിന്ന മോദി സർക്കാർ ജനം ചവിട്ടി പുറത്താക്കുന്നതിന് മുമ്പ് സ്വയം ഒഴിഞ്ഞ് പോകുകായാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് വംശഹത്യയിലൂടെ അധികാര പാത വെട്ടിത്തുറന്ന മോദിക്ക് പാൻഡമിക്കിൽ ജനങ്ങൾ മരിച്ചു വീഴുന്നതിൽ പ്രത്യേകമായ യാതൊരു വികാരവും ഉണ്ടാകാനിടയില്ലെന്ന് വെർച്വൽ രാലിയിൽ അദ്ധ്യക്ഷത വഹിച്ച പാർട്ടി സംസഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ജനാധിപത്യ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ കോർപറേറ്റുകളെ കൂട്ടുപിടിച്ച് കള്ളപ്പണം രാജ്യത്ത് വ്യാപകമായി ഒഴുക്കാനാണ് ബിജെപി ശ്രമിച്ചത്. കെ.സുരേന്ദ്രനിൽ മാത്രം അവസാനിക്കുന്നതല്ല കേരളത്തിൽ ബിജെപി ഒഴുക്കിയ കള്ളപ്പണം. തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ ബിജെപി വിതരണം ചെയ്ത കള്ളപ്പണത്തെ കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന വെർച്വൽ റാലിയിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ 10,000-ലധികം കേന്ദ്രങ്ങളിൽ നിന്നും 18,000 ലധികം പ്രവർത്തകരും ബഹുജനങ്ങളും പങ്കെടുത്തതായി പാർട്ടി വക്താക്കൾ പറഞ്ഞു.