എസ്. എസ്. എൽ. സി പരീക്ഷാഫലം ഇന്ന്; വിജയ ശതമാനത്തിൽ കുറവുണ്ടാകുമെന്ന് സൂചന
ഫലം പ്രഖ്യാപിച്ച ശേഷം 4 മണിയോടെ വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടി.എച്ച.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി ഇത്തവണ 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.
ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിജയശതമാനമായിരുന്നു കഴിഞ്ഞ കൊല്ലത്തേത്. എന്നാൽ ഇക്കുറി അത് കുറയാനാണ് സാധ്യത. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങൾ ഉണ്ടായത് മാർക്ക് കുറയാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് ലഭിച്ചവർക്ക് പോലും പലയിടത്തും സീറ്റ് കിട്ടിയിരുന്നില്ല. മൂല്യനിർണയം ഉദാരമാക്കിയതിനാലാണ് ഇങ്ങനെയുണ്ടായതെന്നായിരുന്നു ആരോപണം. ഇത്തവണയും ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കോവിഡ് മൂലം കലാ കായിക പ്രവർത്തി പരിചയ മേളകൾ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പരീക്ഷകൾ പൂർത്തിയായി ഒന്നര മാസത്തിനു ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകൾ എല്ലാം തന്നെ പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിച്ച ശേഷം 4 മണിയോടെ വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. ഇത് കൂടാതെ കൈറ്റ് പുറത്തിറക്കിയ സഫലം 2022' എന്ന മൊബൈൽ ആപ്പ് വഴിയും ഫലമറിയാം.
എസ്.എസ്.എൽ.സി ഫലം എവിടെ അറിയാം?
മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും ആപ്പുകളിലും ഫലം ലഭ്യമാകും.
വെബ്സൈറ്റ് ലിങ്കുകൾ
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in
ആപ്പുകൾ
പി.ആർ.ഡി ലൈവ്
സഫലം 2022
പിആർഡി ലൈവ് ആപ്പിൽ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ മതി. വിശദമായ ഫലം ലഭിക്കും. മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
Summary: SSLC 2022 results will be declared today