എറണാകുളം ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ടുതരം കുർബാന; കൂക്കുവിളിയും മുദ്രാവാക്യവും

കുർബാന അർപ്പിക്കാനെത്തിയ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ സമരക്കാർ തടഞ്ഞു

Update: 2022-12-24 05:20 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കുർബാന തർക്കം നിലനിൽക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ ഇരു വിഭാഗം വിശ്വാസികളുടെയും പ്രതിഷേധം തുടരുന്നു. പള്ളിയിൽ ഇന്ന് ഒരേസമയം രണ്ടുതരം കുർബാന നടന്നു. വിമത വിഭാഗം പ്രതിഷേധസൂചകമായി ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു.

പുതിയ അഡ്മിനിസ്‌ട്രേറ്റർ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തിൽ ഏകീകൃത കുർബാന നടത്തിയപ്പോൾ വിമത വിഭാഗത്തിന്റെ വൈദികരെത്തി ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു. രണ്ടു കുർബാനയിലും ഇരുവിഭാഗത്തിലെയും വിശ്വാസികൾ പങ്കെടുത്തു.

ഗോബാക്ക് വിളിയും കൂക്കുവിളിയുമായി ഇരുവിഭാഗം പ്രതിഷേധിക്കുകയും ചെയ്തു. കുർബാന അർപ്പിക്കാനെത്തിയ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ സമരക്കാർ തടഞ്ഞു. പ്രതിഷേധക്കാർ പള്ളിയുടെ ഗേറ്റ് പൂട്ടിയിടുകയായിരുന്നു. ക്രിസ്മസ് ദിനംവരെ കുർബാന നടത്തുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിഭാഗം പള്ളിക്ക് പുറത്ത് തുടരുകയാണ്.

ജനാഭിമുഖ കുർബാന തടസ്സപ്പെടുത്താനുള്ള ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്. ഇന്നലെ വൈകീട്ട് പള്ളിയുടെ അഡ്മിനിസ്‌ട്രേറ്ററായ ആൻറണി പൂതവേലിൽ ഏകീകൃത കുർബാന അർപ്പിച്ചതോടെ തുടങ്ങിയ പ്രതിഷേധത്തിനാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നത്. വൈദികർ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടയിൽ ആന്റണി പൂതവേലിൽ എത്തി അൾത്താരയെ അഭിമുഖീകരിച്ച് ഏകീകൃത കുർബാന ചൊല്ലുകയായിരുന്നു.

ഇതോടെ ശക്തമായ പ്രതിഷേധവുമായി വിമത വിഭാഗമെത്തി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ കൂടി എത്തിയതോടെ തർക്കം പലപ്പോഴും സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ജനാഭിമുഖ കുർബാനയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായി. സ്ത്രീകൾ ഉൾപ്പെടെ അൾത്താരയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.

Full View

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇന്ന് പള്ളി അരമനയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ക്രിസ്മസ് കുർബാന അർപ്പിക്കുമോ എന്നതിൽ വ്യക്തതയില്ല. ആൻഡ്രൂസ് താഴത്ത് എത്തിയാൽ വീണ്ടും സംഘർഷാവസ്ഥയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് പള്ളിയിൽ ഒരുക്കിയിരിക്കുന്നത്. ആൻഡ്രൂസ് താഴത്തിനും ആൻറണി പൂതവേലിലിനും സംരക്ഷണം നൽകണമെന്ന ഹൈക്കോടതി നിർദേശത്തിൽ സംയമനത്തോടെയാണ് പൊലീസ് നീക്കം.

Summary: Protests by both groups of believers continue at St. Mary's Cathedral Basilica, Ernakulam, where the holy mass dispute is ongoing. Two types of mass were held simultaneously in the church today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News